Sub Lead

കശ്മീരിലെ സോപോറിൽ യുവാവിനെ പിടിച്ചുകൊണ്ടുപോയി പോലിസ് വെടിവച്ചുകൊന്നു; ആരോപണവുമായി കുടുംബം

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം അയൽ ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയതായും പോലിസ് പറഞ്ഞു

കശ്മീരിലെ സോപോറിൽ യുവാവിനെ പിടിച്ചുകൊണ്ടുപോയി പോലിസ് വെടിവച്ചുകൊന്നു; ആരോപണവുമായി കുടുംബം
X

ശ്രീനഗർ: ജമ്മു കശ്മീരിലെ വടക്കുപടിഞ്ഞാറൻ പട്ടണമായ സോപോറിൽ യുവാവിനെ പിടിച്ചുകൊണ്ടുപോയി പോലിസ് വെടിവച്ചുകൊന്നെന്ന് കുടുംബം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജമ്മു കശ്മീർ പോലിസിന്റെ സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) അംഗങ്ങൾ ബാരാമുള്ളയിലെ സോപോറിലെ സിദിഖ് കോളനിയിലെ 23 കാരനായ ഇർഫാൻ അഹ്മദ് ദറിനെ കസ്റ്റഡിയിലെടുത്തത്.

ചെറുകിട കച്ചവടക്കാരനായ ഇർഫാനെ വീടിനോട് ചേർന്നുള്ള കടയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ എസ്ഒജി വീട്ടിൽ റെയ്ഡ് നടത്തി. 20 മിനിറ്റ് നീണ്ടുനിന്ന റെയ്ഡിനു പിന്നാലെ പോലിസ് ഇർഫാന്റെ സഹോദരൻ 30 കാരനായ ജാവിദിനെ കസ്റ്റഡിയിലെടുത്ത് സോപോറിലെ ടൗൺഹാളിൽ സ്ഥിതിചെയ്യുന്ന എസ്‌ഒജി ക്യാംപിലേക്ക് കൊണ്ടുപോയി. ജാവിദിനെ അന്നു രാത്രി തന്നെ വിട്ടയച്ചെങ്കിലും ബുധനാഴ്ച രാവിലെ ഇർഫാൻ കൊല്ലപ്പെട്ടുവെന്ന വാർത്ത പ്രചരിക്കുകയായിരുന്നു.

അതേസമയം, ഇർഫാൻ അഹമ്മദ് ദർ സായുധ സംഘടനയുടെ ഓവർ ഗ്രൗണ്ട് പ്രവർത്തകനാണെന്നാണ് പോലിസ് പറയുന്നത്. അവരുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം അയൽ ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയതായും പോലിസ് പറഞ്ഞു. എന്നിരുന്നാലും, എങ്ങനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പോലിസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇർഫാന്റെ കുടുംബം പോലിസ് ഭാഷ്യത്തെ തള്ളിക്കളഞ്ഞു. തന്റെ സഹോദരൻ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും പോലിസ് പറയുന്നത് പച്ചക്കള്ളമാണ്. രാവിലെ 7 മണി മുതൽ രാത്രി ഒമ്പത് മണി വരെ കട നോക്കിനടത്തുന്നത് ഇർഫാനാണ്. ഇർഫാനെ കസ്റ്റഡിയിൽ വച്ചുതന്നെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു.

ഇർഫാന്റെ കൊലപാതകത്തിന് പിന്നാലെ സോപോർ മേഖലയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ മുതൽ മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. വൻതോതിൽ പോലിസിനേയും അർദ്ധസൈനിക വിഭാഗങ്ങളേയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it