Sub Lead

മുസ്‌ലിം ലീഗിലെ ഗ്രൂപ്പ്‌പോര്; തളിപ്പറമ്പില്‍ കൂട്ട നടപടി, മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചുവിട്ടു

മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റിക്കൊപ്പം യൂത്ത് ലീഗ്, എംഎസ്എഫ് വനിതാ ലീഗ്, പ്രവാസി ലീഗ് കമ്മറ്റികള്‍ പിരിച്ചുവിടാന്‍ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു.

മുസ്‌ലിം ലീഗിലെ ഗ്രൂപ്പ്‌പോര്; തളിപ്പറമ്പില്‍ കൂട്ട നടപടി, മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചുവിട്ടു
X

കണ്ണൂര്‍: മുസ്‌ലിം ലീഗിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയില്‍ കൂട്ട നടപടിയുമായി നേതൃത്വം. മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റിക്കൊപ്പം യൂത്ത് ലീഗ്, എംഎസ്എഫ് വനിതാ ലീഗ്, പ്രവാസി ലീഗ് കമ്മറ്റികള്‍ പിരിച്ചുവിടാന്‍ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു. എസ്ടിയുവിന്റെ വിവിധഘടകങ്ങളെ ഏകോപിപ്പിക്കുവാന്‍ മുന്‍സിപ്പല്‍ തലത്തില്‍ കോര്‍ഡിനേഷന്‍ കമ്മറ്റിരൂപീകരിക്കും.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി, സംസ്ഥാന ഭാരവാഹികളായ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുര്‍റഹ്മാന്‍ കല്ലായി സംസാരിച്ചു.

പ്രശ്‌നപരിഹാരത്തിനായി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സഹഭാരവാഹികള്‍ തയ്യാറാക്കിയ 21 ഇന ഫോര്‍മുല യോഗം അംഗീകരിച്ചു. വിഭാഗീയ പ്രവര്‍ത്തനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നതും സംഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമായ, മുസ്ലിംലീഗ് പ്രവര്‍ത്തകന്മാര്‍ അഡ്മിന്മാരായ എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും അടിയന്തരമായി പിരിച്ചുവിടേണ്ടതാണെന്നും അല്ലാത്തവയില്‍ നിന്നും മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും വിട്ടു നില്‍ക്കേണ്ടതാണെന്നും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു.

തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ജിന്നാ സാധു സംരക്ഷണസമിതിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് യോഗം വ്യക്തമാക്കി. ആയതിനാല്‍പ്രസ്തുതസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

നിരന്തരമായി ഗുരുതരമായ അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരായ ടി അബൂബക്കര്‍, റിയാസ് നെച്ചോളി എന്നിവരെ മുസ്ലിംലീഗില്‍ നിന്നും പുറത്താക്കാന്‍ യോഗം സംസ്ഥാന പ്രസിഡണ്ടിനോട് ശുപാര്‍ശ ചെയ്തു. സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതിന് വേണ്ടി ഇപ്പോള്‍ പാര്‍ട്ടിയുടെ വിവിധഘടകങ്ങളില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികള്‍ വഹിക്കുന്ന മുഴുവന്‍ ജനപ്രതിനിധികളളോടും തല്‍സ്ഥാനങ്ങള്‍ രാജിവെക്കുന്നതിന് നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് ബന്ധപ്പെട്ട ഘടകങ്ങള്‍ ഇതിനുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

ജില്ലാ ഭാരവാഹികളായ വിപി വമ്പന്‍ അഡ്വ. എസ്. മുഹമ്മദ് എന്‍ .എ. അബൂബക്കര്‍ മാസ്റ്റര്‍ ,ടി എ തങ്ങള്‍, കെ വി മുഹമ്മദലി, കെ ടി സഹദുള്ള, അഡ്വ. കെ എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, എം പി എ റഹീം എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it