Sub Lead

താലിബാന്‍ ഹെലികോപ്റ്ററില്‍ 'മൃതദേഹം' കെട്ടിത്തൂക്കി; യാഥാര്‍ഥ്യം എന്ത്?

താലിബാന്‍ ഹെലികോപ്റ്ററില്‍ മൃതദേഹം കെട്ടിത്തൂക്കി; യാഥാര്‍ഥ്യം എന്ത്?
X

കാബൂള്‍: 'ഹെലികോപ്റ്റര്‍ പറത്തി താലിബാന്‍; തൂങ്ങിയാടി മനുഷ്യന്‍; ആശങ്ക', പറക്കുന്ന ഹെലികോപ്ടറില്‍ തൂങ്ങി മനുഷ്യന്‍; 'താലിബാന്‍ കെട്ടിത്തൂക്കിയതെന്ന് ചിലര്‍, യാഥാര്‍ത്ഥ്യം അജ്ഞം', 'യുഎസ് ഹെലികോപ്റ്ററില്‍ ശവശരീരം' കഴിഞ്ഞ ദിവസം പ്രമുഖ മലയാളം മാധ്യമങ്ങളില്‍ വന്ന തലക്കെട്ടുകളാണിത്. താലിബാന്‍ ക്രൂരത തുടങ്ങി, മൃതദേഹം കെട്ടിത്തൂക്കി ഹെലികോപ്റ്റര്‍ പറത്തി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും വ്യാപക ചര്‍ച്ചകള്‍ നടന്നു. അമേരിക്കന്‍ അനുകൂല മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും താലിബാന്‍ ശവശരീരം കെട്ടിത്തൂക്കി ഹെലികോപ്റ്റര്‍ പറത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തു.


അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറിയ ശേഷം കാന്തഹാറില്‍ താലിബാന്‍ ഹെലികോപ്റ്റര്‍ പറത്തിയ വീഡിയോയാണ് ഏറെ വ്യാജ പ്രചാരണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഇടയാക്കിയത്.

എന്നാല്‍, സംഭവത്തിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാതെയാണ് പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പടെ വാര്‍ത്ത നല്‍കിയത്. വാര്‍ത്ത ഏറെ ചര്‍ച്ചയായതോടെ ഡെക്കാണ്‍ ഹെറാള്‍ഡ് ഉള്‍പ്പടെ വിവിധ മാധ്യമങ്ങള്‍ നടത്തിയ ഫാക്ട് ചെക്കിലാണ് സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്ത് വന്നത്. അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയായ 'അസ്‌വക'യും താലിബാന്‍ നേതാക്കളും വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ട വീഡിയോയില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി നില്‍ക്കുന്ന വ്യക്തി ഇളകുന്നതും സിഗ്നല്‍ കാണിക്കുന്നതും വ്യക്തമായി കാണാം. ഗവര്‍ണര്‍ കെട്ടിടത്തില്‍ താലിബാന്‍ പതാക കെട്ടാനാണ് ഹെലികോപ്റ്ററില്‍ തൂങ്ങി നിന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയും ഇത് സ്ഥിരീകരിക്കുന്നുണ്ട്.

ഇസ്‌ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്താന്റെ ഇംഗ്ലീഷ് ഭാഷ ഔദ്യോഗിക അക്കൗണ്ടായ താലിബ് ടൈംസും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.' നമ്മുടെ വ്യോമസേന. ഇസ്‌ലാമിക് എമിറേറ്റ്‌സിന്റെ വ്യോമസേന ഹെലികോപ്റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിലൂടെ പട്രോളിങ്ങ് നടത്തുന്നു.' എന്നാണ് അതില്‍ കുറിച്ചിരിക്കുന്നത്.

താലിബാന്‍ സേന യുഎസ് സൈനിക ഉപകരണങ്ങള്‍ തിരിച്ചുപിടിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതാദ്യമായാണ് പിടിച്ചെടുത്ത യുഎസ് ഹെലികോപ്റ്ററുകള്‍ പറത്തുന്ന താലിബാന്‍ വിഡിയോ പുറത്തുവരുന്നത്.

ഏകദേശം 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ നാല് ബ്ലേഡുകളുള്ള, മീഡിയം ലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ ആകാശത്തിലൂടെ പറക്കുന്നത് കാണാം. മികച്ച പരിശീലനമില്ലാതെ യുഎച്ച്60 പോലെയുള്ള ഒരു ഹെലികോപ്റ്റര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാന്‍ താലിബാന് കഴിഞ്ഞു എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it