Sub Lead

കാലടി മണപ്പുറത്ത് ക്രിസ്‌ത്യന്‍ പള്ളിയുടെ സിനിമാ സെറ്റ് തകർത്ത് തീവ്രഹിന്ദുത്വ സംഘടന

മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.

കാലടി മണപ്പുറത്ത് ക്രിസ്‌ത്യന്‍ പള്ളിയുടെ സിനിമാ സെറ്റ് തകർത്ത് തീവ്രഹിന്ദുത്വ സംഘടന
X

കൊച്ചി: കാലടി മണപ്പുറത്ത് ക്രിസ്‌ത്യന്‍ പള്ളിയുടെ സിനിമാ സെറ്റ് തകർത്ത് തീവ്രഹിന്ദുത്വ സംഘടന. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ സെറ്റാണ് തകർത്തത്. പ്രവീൺ തൊ​ഗാഡിയയുടെ നേതൃത്വത്തിൽ രൂപീകരിച്ച തീവ്രഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗദളാണ് സെറ്റ് തകർത്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്. സിനിമാ സെറ്റ് തകർക്കുന്നതടക്കമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിഞ്ഞതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ തേജസ് ന്യൂസിനോട് പറഞ്ഞു.


'കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.

അതേ സമയം സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിര്‍മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് അറിയിച്ചു. അതേ സമയം സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

Next Story

RELATED STORIES

Share it