Sub Lead

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

കണ്ണൂര്‍: കോടികള്‍ ചെലവിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നത് വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം കമ്മീഷനു റിപോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം ഉത്തരവിട്ടു. ഉടമസ്ഥാവകാശ രേഖ നല്‍കുന്നതില്‍ കാലതാമസമുണ്ടായതിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണം. കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് നിര്‍മിച്ച പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ കണ്ണൂര്‍ കൊറ്റാളി കുറ്റിക്കോല്‍ നെല്ലിയോട്ടെ സാജന്‍ പാറയിലാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച 16 കോടിയോളം രൂപ മുടക്കി ബക്കളത്ത് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെങ്കിലും കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അധികൃതര്‍ തടഞ്ഞുവച്ചെന്നാണ് ആരോപണം. എന്നാല്‍, നഗരസഭയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും നാലുമാസമായി അപേക്ഷ നല്‍കിയെന്ന ആരോപണം തെറ്റാണെന്നും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാജനോട് വിരോധമൊന്നും ഉണ്ടായിട്ടില്ല. കെട്ടിടത്തിനു നമ്പര്‍ നല്‍കാത്ത കാര്യം നേരത്തേ അറിഞ്ഞിരുന്നില്ലെന്നും ശ്യാമള പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ബഹളം വയ്ക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. നഗരസഭാ അധികൃതര്‍ വേട്ടയാടിയെന്നും വിശ്വസിച്ച പാര്‍ട്ടി തന്നെ ചതിച്ചെന്നും സാജന്റെ ഭാര്യയും പരാതിപ്പെട്ടിരുന്നു. ഇതിനുപുറമെ, സംഭവത്തില്‍ നഗരസഭയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിനു പരാതിയും നല്‍കിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി കെ ശ്യാമളയാണ് സിപിഎം എതില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആന്തൂര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍. ഏതായാലും സിപിഎം അനുഭാവിയായ പ്രവാസി വ്യവസായിയുടെ ആത്മഹത്യ പാര്‍ട്ടിയെ കനത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it