Sub Lead

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ നിബന്ധനയില്‍ ഇളവ്; സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം

വാക്‌സിന്‍ എടുക്കാന്‍ വിമുഖതകാട്ടുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നടത്താനും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ നിബന്ധനയില്‍ ഇളവ്; സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം
X

തിരുവനന്തപുരം: 18 വയസ്സ് തികയാത്തതിനാല്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഇത്തരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും കോളജില്‍ വരാന്‍ അനുമതി ലഭിക്കും.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കും. വാക്‌സിന്‍ എടുക്കാന്‍ വിമുഖതകാട്ടുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നടത്താനും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിങ് ആവശ്യമാണ്. അതിനാല്‍ സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ്സും ഉറപ്പാക്കും. സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികള്‍ക്ക് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒക്ടോബര്‍ 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാനതലത്തില്‍ നെഹ്‌റു ഹോക്കി സെലക്ഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കും. കര്‍ണാടകയില്‍ ചികിത്സതേടി മരണപ്പെട്ട കാസര്‍കോട്ടുകാര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്‌നത്തില്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it