Sub Lead

ഖത്തറില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ച ഇന്ത്യന്‍ മുന്‍ നാവികര്‍ക്ക് 25 വര്‍ഷം വരെ തടവ്

ഖത്തറില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ച ഇന്ത്യന്‍ മുന്‍ നാവികര്‍ക്ക് 25 വര്‍ഷം വരെ തടവ്
X

ന്യൂഡല്‍ഹി: ഇസ്രായേലിനു വേണ്ടി ചാരപ്പണി നടത്തിയതിന് ഖത്തര്‍ കോടതി വധശിക്ഷ വിധിക്കുകയും കഴിഞ്ഞ ദിവസം അപ്പീല്‍കോടതി ഇളവ് നല്‍കുകയും ചെയ്ത എട്ട് ഇന്ത്യന്‍ മുന്‍ നാവികസേനാംഗങ്ങള്‍ക്ക് 25 വര്‍ഷം വരെ തടവ്. രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷവും നാലുപേര്‍ക്ക് 15 വര്‍ഷവും രണ്ടുപേര്‍ക്ക് പത്ത് വര്‍ഷവും ഒരാള്‍ക്ക് 25 വര്‍ഷവുമാണ് തടവ് ശിക്ഷയെന്നാണ് റിപോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന സെയിലര്‍ രാഗേഷ് ഗോപകുമാറിനാണ് മൂന്നുവര്‍ഷത്തെ തടവ്. ഇവര്‍ ജോലി ചെയ്തിരുന്ന അല്‍ ദഹ്‌റയുടെ മാനേജിങ് ഡയറക്ടറായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിക്കാണ് 25 വര്‍ഷം തടവ്. മറ്റ് മുന്‍ നാവികസേനാംഗങ്ങളില്‍ നാലുപേര്‍ 15 വര്‍ഷവും രണ്ടുപേര്‍ പത്ത് വര്‍ഷവും തടവനുഭവിക്കണം. എന്നാല്‍, ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരാണ് ശിക്ഷ നേരിടുന്ന മറ്റുള്ളവര്‍.

ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇനി ഖത്തറിലെ പരമോന്നത കോടതിയെ വിശദവിധി സമീപിക്കാമെന്നാണ് വിവരം. ഇതിനു ശേഷമേ ഖത്തര്‍ അമീറിന് മുമ്പാകെ മാപ്പപേക്ഷ നല്‍കാനാവുമോയെന്ന് വ്യക്തമാവുക. അമീര്‍ മാപ്പ് നല്‍കിയാലും പരമോന്നത കോടതിയുടെ ശിക്ഷ പൂര്‍ണമായും ഒഴിവാകില്ലെന്നാണ് റിപോര്‍ട്ട്. എന്നാല്‍, തടവുകാരെ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉടമ്പടിപ്രകാരം ഇവര്‍ക്ക് നാട്ടിലെത്താനായേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് ഒക്ടോബര്‍ 26നാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് അറസ്റ്റിലായത്.

Next Story

RELATED STORIES

Share it