Sub Lead

മുസ് ലിം ലീഗിന് വിഭാഗീയ,വര്‍ഗീയ നിലപാടുകളെന്ന്; എറണാകുളത്ത് മുതിര്‍ന്ന നേതാക്കള്‍ ലീഗ് വിടുന്നു

പി എം ഹാരിസ്,ഡി രഘുനാഥ് പനവേലി,എം എല്‍ നൗഷാദ്,കെ എ സുബൈര്‍, കെ എ അബ്ദുള്‍ റസാഖ്, ടി എ സമദ്,ടി എസ് സുനു,ഷംസു പറമ്പയം എന്നിവരാണ് ലീഗ് വിട്ട് സിപിഎമ്മില്‍ ചേരുന്നത്.

മുസ് ലിം ലീഗിന് വിഭാഗീയ,വര്‍ഗീയ നിലപാടുകളെന്ന്; എറണാകുളത്ത് മുതിര്‍ന്ന നേതാക്കള്‍ ലീഗ് വിടുന്നു
X

കൊച്ചി: മുസ് ലിം ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ ലീഗ് വിട്ട് സിപിഎമ്മില്‍ ചേരുന്നു. പി എം ഹാരിസ്(ഐയുഎംഎല്‍ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം, ഐയുഎംഎല്‍ദേശീയ കമ്മിറ്റി അംഗം, എസ്ടിയു ദേശീയ സെക്രട്ടറിയേറ്റ് അംഗം, എസ്ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്. മുന്‍ കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, എസ്‌ഐഎഫ്എല്‍ മുന്‍ ഡയറക്ടര്‍)ഡി രഘുനാഥ് പനവേലി(ഐയുഎംഎല്‍ ദേശീയ കമ്മിറ്റി അംഗം, എസ്ടി യു ദേശീയ വൈസ് പ്രസിഡന്റ്. മിനിമം വേജസ് അഡ്‌വൈസറി ബോര്‍ഡ് മുന്‍ അംഗം, കെല്‍പാം മുന്‍ ഡയറക്ടര്‍),എം എല്‍ നൗഷാദ്( എസ്ടിയു ജില്ലാ സെക്രട്ടറി, എസ്ടി യു സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം, ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ഐയുഎംഎല്‍ വൈപ്പിന്‍ മണ്ഡലം കമ്മിറ്റി അംഗം) കെ എ സുബൈര്‍(എസ്ടിയു ജില്ലാ സെക്രട്ടറി, എസ്ടിയു പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ഐയുഎംഎല്‍ പ്രസിഡന്റ് വരാപ്പുഴ പഞ്ചായത്ത്) കെ എ അബ്ദുള്‍ റസാഖ് ( ഐയുഎംഎല്‍ ജനറല്‍ സെക്രട്ടറി വരാപ്പുഴ പഞ്ചായത്ത്, എസ്ടിയു പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി) ടി എ സമദ്(എസ്ടിയു ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ്)ടി എസ് സുനു( എസ്ടിയു പബ്ലിക്ക് സെക്ടര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി ഫാക്ട്-എഫ്‌സിഎല്‍യു,യൂനിയന്‍ ഉദ്യോഗമണ്ഡല്‍)ഷംസു പറമ്പയം(എസ്ടിയു ജില്ലാ സെക്രട്ടറി, ഐയുഎംഎല്‍ മണ്ഡലം സെക്രട്ടറി ആലുവ) എന്നിവരാണ് മുസ് ലിം ലീഗ് വിടുന്നത്.അഴിമതിയെയും, വര്‍ഗീയതയെയും വാരിപുണരുന്ന ലീഗിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗ് വിടുന്നതെന്ന് പി എം ഹാരിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനാധിപത്യവും മതനിരപേക്ഷയും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് കേന്ദ്രസര്‍ക്കാറിന്റെ പൗരാവകാശ ലംഘനകളും കോര്‍പറേറ്റ് താല്‍പര്യ സംരക്ഷണവുമെല്ലാം അവരുടെ ഫാസിസ്റ്റ് മുഖം വെളിവാക്കുന്നു. ഈ സാഹചര്യത്തില്‍ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയും സൗഹാര്‍ദ്ദ അന്തരീക്ഷവും തകര്‍ക്കുന്ന ലീഗിന്റ കപട സമുദായിക നിലപാടുകള്‍ ആത്മഹത്യാപരമാണെന്ന് ഇവര്‍ ആരോപിച്ചു.ഈ നിലപാടിനോട് മതനിരപേക്ഷ മുസ് ലിം സമുദായത്തിന് ഒരുകാരണവശാലും യോജിച്ചു പോകാന്‍ സാധിക്കില്ല. ഫാഷിസത്തോടും വളരുന്ന കോര്‍പ്പറേറ്റു മുതലാളിത്തത്തോടും സന്ധി ചെയ്യുന്ന ലീഗ് നേതൃത്വത്തോട് നിരവധി നേതാക്കളും ആയിരക്കണക്കിനു അണികളും ആത്മ സംഘര്‍ഷത്തിലാണ്.

നരേന്ദ്ര മോദി നയിക്കുന്ന വംശീയപക്ഷത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജനാധിപത്യ മതനിരപേക്ഷ പക്ഷത്തെ നിരാശപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസ്സ് തുടരുന്നത്. മുങ്ങുന്ന കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് ഇപ്പോഴും ബിജെപി ആര്‍എസ്എസുകാരുണ്ടെന്ന് തുറന്നു സമ്മതിക്കുന്ന ദേശീയ നേതൃത്വത്തിന്റെ ഗതികേട് ഉത്കണ്ഠാജനകമാണ്. ബിജെപിയുടെ നേതൃ നിരയിലേക്ക് നേതാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് അധപതിച്ചുവെന്നും ഇവര്‍ ആരോപിച്ചു.സ്‌കോളര്‍ഷിപ്പ്, ലക്ഷദ്വീപ് തുടങ്ങിയ വിഷയങ്ങളില്‍ മുസ് ലിം ലീഗിന്റെ വിഭാഗീയപരമായ നിലപാട് കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതാണ്. ഇതിനോട് മതനിരപേക്ഷ വിശ്വാസികള്‍ക്ക് യോജിക്കാനാവില്ല.

പാര്‍ട്ടി അതിന്റെ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് സ്വാഭാവങ്ങള്‍ വെടിഞ്ഞ് മലപ്പുറം ജില്ലയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പ്രസ്ഥാനമായി മാറി. ഗ്രൂപ്പിസവും വിഭാഗീയതയും സംഘടനയെ കാര്‍ന്നു തിന്നുന്നു. പാര്‍ട്ടി തത്വങ്ങളോ നിയമങ്ങളോ പാലിക്കാതെയാണ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ലീഗിന്റെ പ്രവര്‍ത്തനം. എറണാകുളം ജില്ലയില്‍ രണ്ടു വിഭാഗമാണ് പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ പരസ്പരം അധികാരം കൈമാറുകയും പാര്‍ട്ടി സ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്യുന്നു. ഇന്ത്യയുടെ നിലവിലത്തെ രാഷ്ട്രീയ സഹചര്യത്തില്‍ ജില്ലയിലെ പാര്‍ട്ടി നിര്‍ജീവമാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ ശ്രദ്ധചെലുത്താനോ ഇടപെടാനോ തക്ക രീതിയില്‍ ഒരു പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കുന്നില്ല. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമാകുന്നത് ലജ്ജാകരമാണ്. ഇത്തരത്തില്‍ അഴിമതിയെയും, വര്‍ഗീയതയെയും വാരിപുണരുന്ന ലീഗിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഞങ്ങള്‍ ലീഗ് വിടുന്നതെന്നും ഇവര്‍ പറഞ്ഞു.

രണ്ട് പ്രളയവും നിപ്പയും ഓഖിയും ഇപ്പൊ ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് ബാധ തുടങ്ങിയ വലിയ പ്രതിസന്ധികളുടെ കടന്നുപോയപ്പോഴും കേരളത്തിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് ആ ദുരിതങ്ങളില്‍ നിന്നും ജനങ്ങളെ കരകയറ്റുവാന്‍ മുന്‍പന്തിയില്‍ നിന്ന സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ളത്. ദുരന്തങ്ങളും, മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിയിലും കേരളത്തിലെ ജനങ്ങളെ അതിജീവനത്തിന്റെ കൈത്താങ്ങായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍. ആ ഉത്തരവാധിത്വബോധത്തിന് ലഭിച്ച അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയ ചരിത്ര വിജയം.

രാജ്യത്ത് മറ്റെവിടേയും ലഭിക്കാത്ത തണലും സംരക്ഷണവുമാണ് കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നത്. അപ്പോള്‍ ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സമുദായത്തിനാപത്താണെന്ന് അണികള്‍ തിരിച്ചറിയുന്നുണ്ട്.

രാജ്യത്ത് മത നിരപേക്ഷ ജനാധിപത്യ നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ട പ്രസക്തമായ വര്‍ത്തമാനകാലത്ത് ഇടതുപക്ഷവുമായി കലഹിക്കുന്നത് ആത്മഹത്യാപരമാണ്. ഇത് മനസ്സിലാക്കി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ട കടമ മതനിരപേക്ഷ സമൂഹത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it