Sub Lead

എല്‍ഗാര്‍ പരിഷത്ത് കേസില്‍ ഐഐഎസ്ഇആര്‍ പ്രഫസര്‍ക്ക് എന്‍ഐഎ നോട്ടിസ്

കൊല്‍ക്കത്തയിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് 2012 ല്‍ റേ അറസ്റ്റിലായി 10 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.

എല്‍ഗാര്‍ പരിഷത്ത് കേസില്‍ ഐഐഎസ്ഇആര്‍ പ്രഫസര്‍ക്ക് എന്‍ഐഎ നോട്ടിസ്
X

ന്യൂഡല്‍ഹി: എല്‍ഗാര്‍ പരിഷത്ത് കേസില്‍ കോല്‍ക്കത്ത ആസ്ഥാനമായുള്ള ഐഐഎസ്ഇആര്‍ പ്രഫസര്‍ക്ക് എന്‍ഐഎ നോട്ടിസ്. സാമൂഹിക പ്രവര്‍ത്തകനും തടവില്‍ പീഡിപ്പിക്കപ്പെടുന്നരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി(പിപിഎസ്‌സി)യുടെ പശ്ചിമ ബംഗാള്‍ യൂനിറ്റ് കണ്‍വീനറുമായ പ്രഫ. പാര്‍തോ സരോത്തി റേക്കാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. ഭീമ കൊറേഗാവ് സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്.

സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് ഏജന്‍സിയുടെ മുംബൈ ഓഫീസില്‍ ഹാജരാകാന്‍ എന്‍ഐഎ റേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രഞ്ജിത് സുര്‍ പറഞ്ഞു. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഎഎസ്ഇആര്‍ കാംപസില്‍ റേയെ കാണാനും നോട്ടിസ് നല്‍കാനും എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംഘം ശ്രമിച്ചതായി സുര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുന്നതിനാല്‍ എന്‍ഐഎ സംഘത്തെ കാണാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഫോണിലും ഇ-മെയില്‍ വഴിയും എന്‍ഐഎ സന്ദേശം കൈമാറിയിട്ടുണ്ട്. ഇതിനോടും റേ പ്രതികരിച്ചിട്ടില്ല. അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് രഞ്ജിത് സുര്‍ അറിയിച്ചു.

കൊല്‍ക്കത്തയിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് 2012 ല്‍ റേ അറസ്റ്റിലായി 10 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.

ഭീമ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശോമ സെന്‍, സുരേന്ദ്ര ഗാദ്‌ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ 2018 ജൂണില്‍ പുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2018 ഓഗസ്തില്‍ ഗൗതം നാവ്‌ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.

ജനുവരി ഒന്നിന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദലിതരും തമ്മിലുള്ളണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. തെല്‍തുംദെയുടെയും സ്റ്റാന്‍ സ്വാമിയുടെ വീട്ടിലും ഓഫിസിലും പോലിസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നിരോധിത സംഘടനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും പോലിസ് ആരോപിച്ചിരുന്നു.

നേരത്തെ, പാര്‍ത്തൊ സരോതിയുടെ മെയിലുകള്‍ ചോര്‍ത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ത്തൊ സരോതി റേയുടെ യാഹൂ മെയിലാണ് സര്‍ക്കാര്‍ ഏജന്‍സി ചോര്‍ത്തിയത്. പ്രശസ്ത കാന്‍സര്‍ ബയോളജിസ്റ്റായ സരോതി റെ ബംഗാളിലെ പ്രമുഖനായ മനുഷ്യാവകാശപ്രവര്‍ത്തകനുമാണ്. പ്രശസ്ത ഇടത് ഓണ്‍ലൈന്‍ പത്രമായ സന്‍ഹാട്ടിയുടെ സ്ഥാപക അംഗമാണ്.

ദലിത്, ന്യൂനപക്ഷ, ആദിവാസി തടവുകാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പെര്‍സിക്യൂട്ടഡ് പ്രിസണേഴ്‌സ് സോളിഡാരിറ്റി കമ്മറ്റിയില്‍ അംഗമാണ്.

യാഹു നല്‍കുന്ന വിവരമനുസരിച്ച് റെയുടെ മെയിലുകള്‍ സര്‍ക്കാര്‍ തന്നെയാണ് ചോര്‍ത്തുന്നതെന്ന് വ്യക്തമായിരുന്നു.

Next Story

RELATED STORIES

Share it