Sub Lead

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികളുടെ വോട്ട് ഓണത്തിന് ശേഷം തീരുമാനിക്കും

കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടോ പ്രോക്‌സി വോട്ടോ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികളുടെ വോട്ട് ഓണത്തിന് ശേഷം തീരുമാനിക്കും
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് കൊണ്ടുവരുന്നതുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മാനദണ്ഡത്തിന്റെ ചുവട് പിടിച്ചായിരിക്കും കൊവിഡ് രോഗികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള മനദണ്ഡം നിശ്ചയിക്കുക. കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടോ പ്രോക്‌സി വോട്ടോ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് മുന്‍സിപ്പല്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന കമ്മീഷന്റെ ആവശ്യം ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരായാതെ തപാല്‍ വോട്ടിനോ പ്രോക്‌സിവോട്ടിനോ ശുപാര്‍ശ ചെയ്ത സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് തപാല്‍ വോട്ട് ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം വന്നത്. തദ്ദേശതെരഞ്ഞെടുപ്പിന്റെ പൂര്‍ണനിയന്ത്രണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കേന്ദ്ര കമ്മീഷന്‍ നിര്‍ദ്ദേശം മാതൃകയായെടുക്കാമെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങള്‍ വേണ്ടി വരുമെന്നാണ് സംസ്ഥാനകമ്മീഷന്റെ വിലയിരുത്തല്‍. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം കേട്ട ശേഷം വിശദമായ മാനദണ്ഡം രൂപീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുമായി ഒരു വട്ടം കൂടി സംസാരിച്ച ശേഷമായിരിക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം. പ്രചാരണത്തിലുള്‍പ്പടെ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യും. കമ്മീഷന്‍ വിളിച്ച രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികളുടെ യോഗത്തിലെ നിര്‍ദ്ദേശത്തിന് അനുസരിച്ചായിരിക്കും നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുക.

Next Story

RELATED STORIES

Share it