Sub Lead

ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയില്‍

അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം.

ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയില്‍
X

ആലപ്പുഴ: ചെങ്ങന്നൂരില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജങ്ഷന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ റിന്‍ജു സാം പോലിസ് പിടിയില്‍. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം.

അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ റിന്‍ജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്‌നങ്ങള്‍ ഉള്ള റിന്‍ജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു.

മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. അതി ക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തില്‍ 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പോലിസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതില്‍ അടച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചെന്നൈയില്‍ ജ്വലറിയില്‍ ജീവനക്കാരനായിരുന്ന റിന്‍ജു മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലിസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അന്നമ്മയെ ആക്രമിച്ച ആയുധവും പോലിസ് കണ്ടെടുത്തു.

അതേസമയം, തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വലിയതുറ പോലിസാണ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവിനെയാണ് പ്രതികള്‍ വെട്ടി പല കഷണങ്ങളിലാക്കി ഉപേക്ഷിച്ചത്. ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it