Sub Lead

മഞ്ചേരി എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണം: സുപ്രിംകോടതി

മഞ്ചേരി എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനമായ കേരളം സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് സുപ്രിംകോടതി. വിദ്യാഭ്യാസത്തില്‍ പണം ചെലവിട്ടതുകൊണ്ടാണ് കേരളത്തിന് 100 ശതമാനം സാക്ഷരത കരസ്ഥമാക്കാനായതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ സ്ഥാപിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് ഈ ആവശ്യം നിരാകരിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ച അനുകൂല ഉത്തരവ് വാങ്ങി. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്. എളാമ്പ്ര മേഖലയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും പുതിയ സ്‌കൂള്‍ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മറ്റുസ്ഥലങ്ങളില്‍ പോയി പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം തെറ്റാണെന്ന് കോടതി പറഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിക്ക് ബസ് കയറിപ്പോകുന്ന വിദ്യാര്‍ഥികള്‍ മടങ്ങിവരിക രാത്രി വൈകി ആയിരിക്കും. അതിനിടയില്‍ അവര്‍ക്ക് പഠിക്കാനോ വിശ്രമിക്കാനോ സമയം കിട്ടുമോ എന്നും കോടതി ചോദിച്ചു.

തുടര്‍ന്നാണ് എളാമ്പ്രയില്‍ മൂന്നുമാസത്തിനുള്ളില്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന് സ്വന്തം കെട്ടിടം ഇല്ലെങ്കില്‍ വാടക കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കണം. സ്ഥിരം അധ്യാപകര്‍ ഇല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുകയും വേണമെന്നും കോടതി നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളുകള്‍ ഇല്ലാത്തിടത്ത് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ കേരളം നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അവിടെ എല്‍പി സ്‌കൂളുകള്‍ സ്ഥാപിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. എയ്ഡഡ് മേഖലയ്ക്ക് ഈ ഉത്തരവ് ബാധകമാകില്ല.

Next Story

RELATED STORIES

Share it