Sub Lead

യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകള്‍ അന്വേഷിച്ച ഇഡി ഉന്നത ഉദ്യോഗസ്ഥന്‍ ബിജെപിയിലേക്ക്

യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകള്‍ അന്വേഷിച്ച ഇഡി ഉന്നത ഉദ്യോഗസ്ഥന്‍ ബിജെപിയിലേക്ക്
X

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകള്‍ അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങ് ബിജെപിയിലേക്ക്. ഇദ്ദേഹം സര്‍വീസില്‍നിന്ന് സ്വയം വിരമിക്കലിന് അപേക്ഷിച്ചതായി പിടിഐയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ രാജേശ്വര്‍ മല്‍സരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇഡിയുടെ ലഖ്‌നോ സോണല്‍ ഓഫിസിലെ ജോയിന്റ് ഡയറക്ടറാണ് രാജേശ്വര്‍ സിങ്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി സ്‌പെക്ട്രം അഴിമതിക്കേസ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേട്, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്, മുന്‍ ധനമന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി എന്നിവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡക്കെതിരായ കേസ് എന്നിവയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രാഷ്ട്രീയ ബന്ധമുള്ള കള്ളപ്പണക്കേസുകള്‍, വിദേശ നാണയ ലംഘന കേസുകള്‍ അന്വേഷിച്ചിരുന്ന ഡല്‍ഹി ആസ്ഥാനമായ ഇഡി ഉദ്യോഗസ്ഥസംഘത്തിന് നേതൃത്വം നല്‍കിയിരുന്നതും രാജേശ്വറാണ്.

യുപിയിലെ സുല്‍ത്താന്‍പൂരില്‍നിന്നുള്ള എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി അറിയപ്പെടുന്ന ഇദ്ദേഹം, 2009ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തിയത്. പോളിസി, മനുഷ്യാവകാശം, സാമൂഹിക നീതി എന്നിവയില്‍ ബിടെക്കും പിഎച്ച്ഡിയും നേടിയ സിങ്, സംസ്ഥാന പോലിസ് സര്‍വീസ് ഓഫിസറായാണ് ആദ്യം സേവനമനുഷ്ഠിച്ചിരുന്നത്. ഇദ്ദേഹത്തന്റെ വിരമിക്കല്‍ സ്ഥിരീകരിച്ച് സഹോദരി അഭ സിങ് ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. രാജ്യത്തെ സേവിക്കാന്‍ ഇഡിയില്‍നിന്ന് മുന്‍കൂറായി വിരമിക്കുന്ന സഹോദരന് അഭിവാദ്യങ്ങള്‍. നിങ്ങളെ രാജ്യത്തിന് ആവശ്യമുണ്ടെന്നാണ് സഹോദരിയുടെ കുറിപ്പ്.

യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത കേസായിരുന്നു 2 ജി സ്‌പെക്ട്രം കേസും കോമണ്‍വെല്‍ത്ത് അഴിമതിക്കേസും. പി ചിദംബരം ഉള്‍പ്പെട്ട എയര്‍സെല്‍മാക്‌സിസ് ഇടപാടിയരുന്നു ഇദ്ദേഹം അന്വേഷിച്ച മറ്റൊന്ന്. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന് ജയിലില്‍ പോവേണ്ടിവന്നിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിങ്ങിനെതിരേയും ആരോപണങ്ങളുണ്ടായി. ഇഡിയും സിബിഐയും കേന്ദ്ര വിജിലന്‍സ് കമ്മീഷനുമാണ് ഇതെക്കുറിച്ച് അന്വേഷണം നടത്തിയത്. 12 വര്‍ഷത്തെ സര്‍വീസ് കാലാവധി കൂടി സിങ്ങിന് ബാക്കിയുണ്ട്. നേരത്തെ പെഗസസ് പട്ടികയില്‍ രാജേശ്വറിന്റെയും കുടുംബാംഗങ്ങളുടെയും ഫോണ്‍ നമ്പറുകരുള്ളതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. യുപി കേഡറിലിരുന്നപ്പോള്‍ നിരവധി ഏറ്റുമുട്ടലുകള്‍ നടത്തിയ സിങ്, ലഖ്‌നോ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുന്ന ഐപിഎസ് ഓഫിസര്‍ ലക്ഷ്മി സിങ്ങിനെയാണ് വിവാഹം കഴിച്ചത്.

Next Story

RELATED STORIES

Share it