Sub Lead

കിഴക്കന്‍ ജര്‍മനിയുടെ അവസാന പ്രധാനമന്ത്രി അന്തരിച്ചു

കിഴക്കന്‍ ജര്‍മനിയുടെ അവസാന പ്രധാനമന്ത്രി അന്തരിച്ചു
X

ബെര്‍ലിന്‍: ജര്‍മന്‍ പുനരേകീകരണത്തിന് വഴിവച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഹാന്‍സ് മോഡ്രോവ് (95) അന്തരിച്ചു. ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്ക് ശേഷം, 1989ല്‍ പശ്ചിമ ജര്‍മനിയുമായി ലയിക്കുന്ന വേളയില്‍ ജര്‍മന്‍ ഡെമോക്രാറ്റിക് റിപബ്ലിക്കിനെ (കിഴക്കന്‍ ജര്‍മനി) നയിച്ചിരുന്നത് മോഡ്രോവ് ആയിരുന്നു. ബെര്‍ലിന്‍ മതില്‍ തകര്‍ന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍, 1989 നവംബര്‍ 13നാണ് മോഡ്രോവ് ഇടക്കാല കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രധാനമന്ത്രി പദമേറ്റെടുത്തത്.

ജനാധിപത്യ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ സര്‍ക്കാരിന് പകരം അധികാരത്തിലെത്തിയ മോഡ്രോവ്, നീതിയുക്തമായ തിരഞ്ഞെടുപ്പും പൗരസ്വാതന്ത്ര്യവും വാഗ്ദാനം ചെയ്താണ് അധികാരമേറ്റെടുത്തത്. മോഡ്രോവിന്റെ നേതൃത്വത്തില്‍ നടന്ന 1990ലെ തിരഞ്ഞെടുപ്പാണ് കിഴക്കന്‍ ജര്‍മനിയില്‍ നടത്തപ്പെട്ട ഏക സുതാര്യ തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 1990ലെ ജര്‍മന്‍ പുനരേകീകരണത്തിന് ശേഷം ജര്‍മന്‍, യൂറോപ്യന്‍ പാര്‍ലമെന്റുകളില്‍ അംഗമായി മോഡ്രോവ് രാഷ്ട്രീയ ജീവിതം തുടര്‍ന്നു. നിലവില്‍ പോളണ്ടിലുള്ള ജാസെനിറ്റ്‌സ് പട്ടണത്തില്‍ 1928ലാണ് മോഡ്രോവ് ജനിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിലെ പടയാളിയായിരുന്ന മോഡ്രോവ്, കൗമാരകാലത്ത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താല്‍പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കിഴക്കന്‍ ജര്‍മനിയിലെ വിപ്ലവ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് യൂനിറ്റി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയിലെ ഭരണമാറ്റത്തെത്തുടര്‍ന്നാണ് 1990ല്‍ മോഡ്രോവിനെ തേടി പ്രധാനമന്ത്രി പദമെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൂടുതല്‍ ജനാധിപത്യപരമാക്കാന്‍ ആഗ്രഹിച്ച ഒരു പരിഷ്‌കര്‍ത്താവായാണ് മോഡ്രോ അറിയപ്പെടുന്നത്.

Next Story

RELATED STORIES

Share it