Sub Lead

പൗരത്വ പ്രക്ഷോഭം: ജാമ്യം ലഭിച്ചിട്ടും ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായില്ല

പൗരത്വ പ്രതിഷേധങ്ങള്‍ക്കായി മുംബൈയില്‍ എത്തിയപ്പോഴാണ് ഡോ. കഫീല്‍ ഖാന്‍ അറസ്റ്റിലായത്. ശാഹീന്‍ ബാഗ് സമരത്തിനു പിന്തുണ നല്‍കി മുംബൈയിലും സമാന രീതിയില്‍ സമരം ആരംഭിച്ചിരുന്നു.

പൗരത്വ പ്രക്ഷോഭം: ജാമ്യം ലഭിച്ചിട്ടും ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായില്ല
X

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുംബൈയില്‍വച്ച് ഉത്തര്‍ പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചിട്ടും ജയില്‍ മോചനമായില്ല. അലിഗഢ് കോടതി ഇക്കഴിഞ്ഞ 10നാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കോടതി ജാമ്യം അനുവദിച്ച് റിലീസ് ഓര്‍ഡര്‍ ലഭിച്ചിട്ടും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് കഫീല്‍ ഖാനുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്.

ഡിസംബറില്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഉത്തര്‍ പ്രദേശ് പോലിസ് കഫീല്‍ഖാനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ ( മതസ്പര്‍ദ്ധ വളര്‍ത്തല്‍) പ്രകാരമാണ് ഇദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പ്രകോപന പരമായ പ്രസംഗം നടത്തിയെന്നും ഹിന്ദു സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്കെതിരേ വിദ്വേഷം വളര്‍ത്തുന്ന രീതിയിലായിരുന്നു കഫീല്‍ഖാന്റെ പ്രസംഗമെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. തങ്ങളുടെ അയല്‍പക്കത്ത് മോഷണം നടത്തുന്നവര്‍ക്ക് തങ്ങളുടെ വീടുകളില്‍ തൊഴില്‍ നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞതായി എഫ്‌ഐആര്‍ അവകാശപ്പെടുന്നു. തങ്ങളോട് മുസ്‌ലിമോ ഹിന്ദുവോ ആകാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നമ്മെ പഠിപ്പിക്കുന്നതെന്നും മനുഷ്യനാവാന്‍ അല്ലെന്നും ഡോ. കഫീല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞതായി എഫ്‌ഐആര്‍ പറയുന്നു.

പൗരത്വ പ്രതിഷേധങ്ങള്‍ക്കായി മുംബൈയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹം അറസ്റ്റിലായത്. ശാഹീന്‍ ബാഗ് സമരത്തിനു പിന്തുണ നല്‍കി മുംബൈയിലും സമാന രീതിയില്‍ സമരം ആരംഭിച്ചിരുന്നു.

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജനില്ലാതെ കുട്ടികള്‍ മരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. അന്നു സ്വന്തം നിലയ്ക്കു കഫീല്‍ഖാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചു രക്ഷാ പ്രവര്‍ത്തം നടത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ യോഗി ഭരണകൂടം ബലിയാടാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ കഫീല്‍ ഖാന്‍ ഒന്‍പതുമാസം ജയില്‍വാസവും അനുഭവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതിയുടെ കീഴിലുള്ള അന്വേഷണ ഏജന്‍സിയും അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it