Sub Lead

'ഇനി ഒരു മരം പോലും വെട്ടരുത്'; മുംബൈ ആരേ കോളനിയിലെ മരം മുറിക്കല്‍ താല്‍ക്കാലികമായി വിലക്കി സുപ്രിംകോടതി

മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രിം കോടതി ഇടപെടല്‍. ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശിച്ചത്.

ഇനി ഒരു മരം പോലും വെട്ടരുത്;   മുംബൈ ആരേ കോളനിയിലെ മരം മുറിക്കല്‍  താല്‍ക്കാലികമായി വിലക്കി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മുംബൈ നഗരത്തിലെ ആരേ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നതിന് സുപ്രിം കോടതിയുടെ താത്കാലിക വിലക്ക്. മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രിം കോടതി ഇടപെടല്‍. ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശിച്ചത്. ആരെയില്‍നിന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. 21ന് സുപ്രിം കോടതിയുടെ വനംബെഞ്ച് കേസില്‍ വാദം കേള്‍ക്കും. അതുവരെ ഒരു മരം പോലും ഇനി വെട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.

മെട്രൊ കാര്‍ ഷെഡ് നിര്‍മാണത്തിനായി ആരെ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള തീരുമാനം വന്‍ വിവാദമായിരുന്നു. ഇതിനെതിരേ പരിസ്ഥിതി സംഘടനകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ആരെ കോളനി വനം ആണെന്നു കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്.

മെട്രോ കാര്‍ ഷെഡ്ഡിനായി ആരേ കോളനിയില്‍നിന്ന് മുറിക്കേണ്ട മരങ്ങള്‍ മുറിച്ചതായും ഇനി മുറിക്കില്ല എന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ മരങ്ങള്‍ മുറിച്ചത് നിയമവിധേയമാണോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, ആരേ ഭൂമി പരിസ്ഥിതി ലോല പ്രദേശം ആണെന്നന്നതിനുള്ള രേഖകള്‍ ഹാജര്‍ ആക്കാന്‍ സുപ്രിംകോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. പൂജ അവധിക്ക് അടച്ച സുപ്രിംകോടതി വിഷയത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്തതാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

Next Story

RELATED STORIES

Share it