Big stories

ഫാഷിസത്തിന് പട്ടടയൊരുങ്ങും വരെ വിശ്രമിക്കരുത്: ഇ അബൂബക്കര്‍

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി ഒരു ഭയവും ഉണ്ടാവുകയില്ല എന്നത് കട്ടായം. ബാബരി മസ്ജിദ് വിധി വന്നപ്പോള്‍, മുസ്‌ലിംകളെ ഭയപ്പെടുത്താന്‍ ശ്രമമുണ്ടായി. പുനപ്പരിശോധന ഹരജി കൊടുക്കാന്‍ പാടില്ലെന്ന നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു ഭയപ്പെടുത്തല്‍.

ഫാഷിസത്തിന് പട്ടടയൊരുങ്ങും വരെ വിശ്രമിക്കരുത്: ഇ അബൂബക്കര്‍
X

കോഴിക്കോട്: രാജ്യത്തെ ശിഥിലമാക്കുകയും ജനങ്ങളെ രാഷ്ട്രീയമായി ഷണ്ഡീകരിക്കുകയും സാമ്പത്തികമായി രാജ്യത്തെ തകര്‍ക്കുകയും വര്‍ഗീയമായി വര്‍ഗീകരിക്കുകയും ചെയ്യുന്ന ഫാഷിസത്തിന് പട്ടടയൊരുങ്ങും വരെ വിശ്രമിക്കരുതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു. 'ബാബരി നീതിനിഷേധം, പൗരത്വ ഭേദഗതി നിയമം നിയമവിരുദ്ധം' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് നടത്തിയ ജസ്റ്റിസ് കോണ്‍ഫറന്‍സില്‍ വീഡിയോ സന്ദേശം വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ ഇപ്പോള്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ആര്‍എസ്എസിനും ബിജെപിക്കും മാത്രമേ പാടുള്ളൂ എന്ന നില വന്നുചേര്‍ന്നിരിക്കുകയാണ്. ബിജെപിക്കാര്‍ക്ക് അഴിമതി ആകാശത്തോളവും ഭൂമിയോളവും നടത്താം. ബലാല്‍സംഗം ചെയ്യാം. അടിച്ചുകൊല്ലാം, വെടിവച്ചു കൊല്ലാം. ബലാല്‍സംഗികള്‍ സംഘികളെങ്കില്‍ അവര്‍ക്ക് സംരക്ഷണം. മറ്റുള്ളവരെങ്കില്‍ വെടിയുണ്ട. ആളുകളെ ഇവര്‍ ഭയപ്പെടുത്തുകയാണ്. യഥാര്‍ഥത്തില്‍, ഇന്ത്യന്‍ ജനതയെയാണ് ആര്‍എസ്എസുകാര്‍ ഭയപ്പെടുത്തുന്നത്. മുസ്‌ലിംകള്‍ ഒഴികെ മറ്റുള്ളവര്‍ ഭയപ്പെടേണ്ടതില്ല എന്നു പറയുന്നതിന്റെ മനശ്ശാസ്ത്രം തന്നെ, എല്ലാവരും ഭയപ്പെടേണ്ടതുണ്ട് എന്നുള്ളതാണ്.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി ഒരു ഭയവും ഉണ്ടാവുകയില്ല എന്നത് കട്ടായം. ബാബരി മസ്ജിദ് വിധി വന്നപ്പോള്‍, മുസ്‌ലിംകളെ ഭയപ്പെടുത്താന്‍ ശ്രമമുണ്ടായി. പുനപ്പരിശോധന ഹരജി കൊടുക്കാന്‍ പാടില്ലെന്ന നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു ഭയപ്പെടുത്തല്‍. എന്നാല്‍ പുനപ്പരിശോധനാ ഹരജി നല്‍കപ്പെട്ടു. ഭയം ചോര്‍ന്നുപോയി. ബാബരി വിധിയില്‍ നീതിയുണ്ടായില്ലെന്നത് എല്ലാവര്‍ക്കും ബോധ്യപ്പെട്ട താണ്. ഭരണഘടനാ സ്ഥാപനങ്ങളെ, ജനങ്ങള്‍ക്ക് അവസാന അത്താണി പോലും ആയവ എങ്ങനെ ഫാഷിസ്റ്റ് വരുതിയില്‍വരുന്നു എന്ന് തെളിയുകയായിരുന്നു ബാബരി വിധി. ഞങ്ങള്‍ക്ക് ഇവിടെ നീതിനിഷേധിക്കപ്പെട്ടുവെങ്കില്‍ ഞങ്ങള്‍ക്ക് ആകാശത്തില്‍ നിന്ന് നീതി ഇറങ്ങിവരുമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അത് വരിക തന്നെ ചെയ്യും. അന്ന് അയോധ്യയില്‍ എവിടെ ബാബരി മസ്ജിദ് ഉണ്ടായിരുന്നുവോ, ആ വഖ്ഫ് ഭൂമിയില്‍ പള്ളി ഉയരുക തന്നെ ചെയ്യും. അന്ന് അവിടെ ബാങ്കൊലി ഉയരും. ഞങ്ങളുടെ വരുംതലമുറയെങ്കിലും അവിടെ നമസ്‌കരിക്കുകയും ചെയ്യും. അന്ന് എല്ലാ റോഡുകളും അയോധ്യയിലേക്കായിരിക്കും. ബാബരി പള്ളി നിന്ന സ്ഥലം അത് വഖ്ഫ് ഭൂമിയാണ്. അത് ഏതെങ്കിലും നേതാവിനോ ഏതെങ്കിലും മൗലാനയ്‌ക്കോ ഏതെങ്കിലും മൗലവിക്കോ ആര്‍ക്കെങ്കിലും ദക്ഷിണ കൊടുക്കാന്‍ പറ്റുകയില്ല.

എന്‍ആര്‍സി വരികയാണ് പോലും. പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി അത് ബംഗാള്‍ ഉള്‍ക്കടലിലേക്ക് വലിച്ചെറിഞ്ഞുകളഞ്ഞു. ഇവിടെ എന്‍ആര്‍സി എന്ന പൗരത്വ വിവേചനത്തെ അറബിക്കടലിലേക്ക് വലിച്ചെറിയാന്‍ പിണറായി വിജയന്‍ തയ്യാറാവണം. സിപിഎമ്മുമായി പോപുലര്‍ ഫ്രണ്ടിന് കലഹമൊന്നുമില്ല. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ആരുമായും ചേര്‍ന്നുനില്‍ക്കും. പക്ഷേ, ഒരു ഇടതുപക്ഷ പ്രസ്ഥാനമെന്ന നിലയ്ക്ക് സിപിഎം മനസ്സിലാക്കേണ്ടത് അടിസ്ഥാന മൂല്യങ്ങള്‍ മറന്നുപോവരുതെന്നാണ്. വര്‍ഗീയതയില്‍ മല്‍സരിച്ചുകൊണ്ടല്ല ആര്‍എസ്എസിനെ തോല്‍പ്പിക്കേണ്ടത്. മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. ചിലപ്പോള്‍ വോട്ട് കുറഞ്ഞുപോയെന്നു വരാം, തോറ്റു പോയെന്നും വരാം. നിര്‍ഭാഗ്യവശാല്‍ സിപിഎമ്മില്‍ നിന്ന് ഈയൊരു നിലപാടല്ല കണ്ടുവരുന്നത്. ആര്‍എസ്എസിനോട് വര്‍ഗീയതയില്‍ മല്‍സരിക്കുകയാണ്.

എന്‍ആര്‍സി സമുദായത്തെയും ജനങ്ങളെയും ഭയപ്പെടുത്താനുള്ള ഒരു വഴി മാത്രമാണ്. ഇതിനെതിരേ ജാഗരൂകരായി നിലകൊള്ളുക എന്നതാണ് ഒരേയൊരു വഴി. ഐക്യപ്പെടുക. മുസ്‌ലിം നേതൃത്വം മാളത്തില്‍ ഒളിക്കുന്നതിനു പകരം ധീരമായി തെരുവിലേക്കിറങ്ങണം. ഒറ്റക്കെട്ടായ ഒരു ദേശീയ നേതൃത്വത്തിന് കീഴില്‍ അരുത്, സമ്മതിക്കില്ല എന്ന് ഉറക്കെ വിളിച്ചുപറയണം. ഐക്യപ്പെട്ടും സഹകരിച്ചും മുന്നോട്ടുപോവണം. ആരും ആരെയും അകറ്റിനിര്‍ത്തരുത്. അതിന് ഇന്നത്തെ മുസ്‌ലിം നേതൃത്വം തയ്യാറാവുന്നില്ലായെങ്കില്‍, മറ്റൊരു കൂട്ടര്‍ വരും. അവര്‍ നിങ്ങളെ പോലെയായിരിക്കുകയില്ല എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പ് ഓര്‍ക്കുന്നത് നന്നായിരിക്കും. മിസോറാം ഗവര്‍ണര്‍ക്ക് അദ്ദേഹത്തെ പോലും രക്ഷിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം നേതൃത്വം എത്ര പെട്ടെന്ന് മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.

നാം രാജ്യത്തെ സ്‌നേഹിക്കുന്നതുകൊണ്ടാണിത് പറയുന്നത്. രാജ്യസ്‌നേഹത്തില്‍ മുസ്‌ലിംകള്‍ കപട രാജ്യസ്‌നേഹികളെക്കാള്‍ ഒരു പണത്തൂക്കം മുമ്പില്‍ നില്‍ക്കും. നമ്മുടെ ശത്രുക്കള്‍ അയല്‍പ്പക്കത്തുണ്ട് എന്ന് നാം മറക്കരുത്. അവര്‍ രാജ്യം ശിഥിലമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് വളം വച്ചുകൊടുക്കുന്ന വിധത്തിലാണ് സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍. ഇത് രാജ്യസ്‌നേഹമല്ല. രാജ്യദ്രോഹമാണ്. ഈ രാജ്യത്തിന്റെ അവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നാം, പോപുലര്‍ ഫ്രണ്ടുകാര്‍ ആരുടെയും മുന്നിലുണ്ടാവും. രാജ്യത്തിനു വേണ്ടി ഞങ്ങളുടെ ശിരസ്സുകള്‍ ഹിമാലയശൃംഘങ്ങള്‍ പോലെ എഴുന്നുനില്‍ക്കും. മുസ്‌ലിം സമുദായത്തിന്റെയും പിന്നാക്ക പതിത വിഭാഗങ്ങളുടെയും പണയ വസ്തുവായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ അതിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it