ഉദ്യോഗസ്ഥരുടെ അനാസ്ഥ; ആദിവാസി വിദ്യാര്‍ഥിനിയുടെ ഭാരതദര്‍ശന്‍ യാത്ര മുടങ്ങി

നഹാസ് എം നിസ്താര്‍

ഉദ്യോഗസ്ഥരുടെ അനാസ്ഥ; ആദിവാസി വിദ്യാര്‍ഥിനിയുടെ ഭാരതദര്‍ശന്‍ യാത്ര മുടങ്ങി

പെരിന്തല്‍മണ്ണ: ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആദിവാസി വിദ്യാര്‍ഥിനിയുടെ ഭാരതദര്‍ശന്‍ യാത്ര മുടങ്ങി. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 10 ദിവസത്തെ ഭാരതദര്‍ശന്‍ സന്ദര്‍ശനത്തിനായി അധികൃതര്‍ കൂട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് തിരുവനന്തപുരത്ത് നിന്ന് മടക്കിയയച്ചത്. പെരിന്തല്‍മണ്ണ സായി സ്‌നേഹ തീരം ആദിവാസി ഹോസ്റ്റലിലെ വി വിനീതയാണ് ആദിവാസി വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം നിരാശയായി മടങ്ങിയത്. ഭാരതദര്‍ശന്‍ യാത്രയ്ക്കായി നിലമ്പൂരിലെ ഇന്ദിരാഗാന്ധി സ്മാരക മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കൊപ്പം വിനീതയേയും സായി സ്‌നേഹതീരത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഇ അജിത്കുമാറിനേയും ചൊവ്വാഴ്ചയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇവരെ വ്യാഴാഴ്ച്ച രാവിലെ തിരുവനന്തപുരത്ത് നിന്നു ഡല്‍ഹിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോവാനാണു നേരത്തേ നിശ്ചയിച്ചിരുന്നത്.

മലപ്പുറം ഐ.ടി.ഡി.പി. ഓഫിസിലെ ഉദ്യോഗസ്ഥരാണ് വിനീതയടക്കമുള്ള നാല് പേരെ ഭാരതദര്‍ശന്‍ യാത്രയ്ക്കു തിരഞ്ഞടുത്ത വിവരം ലഭിച്ചെന്നും ബുധനാഴ്ച തിരുവനന്തപുരത്തെത്തണമെന്നും അറിയിച്ചത്. ഇതുപ്രകാരം നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ജീവനക്കാരി ഷീജ കുട്ടികളെ തിരുവനന്തപുരത്തെത്തിച്ചു. എന്നാല്‍ നാലംഗ സംഘം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വിനീതയുടെ പേര് ഭാരതദര്‍ശന്‍ യാത്രയില്‍ ഇല്ലെന്നും പകരം മറ്റൊരു കുട്ടിയുടെ പേരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ മലപ്പുറം ജില്ലയില്‍ നിന്നെത്തിയര്‍ ആശങ്കയിലായി. തിരുവനന്തപുരത്തെ ലിസ്റ്റില്‍ ഇല്ലാത്ത വിനീതയുടെ പേര് മലപ്പുറത്തെ ലിസ്റ്റില്‍ എങ്ങനെ വന്നുവെന്നാണ് ചോദ്യമുയരുന്നത്.

അതേസമയം, വിനീതയെ വെട്ടിമാറ്റി മറ്റൊരാളെ തിരികിക്കയറ്റിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. പെരിന്തല്‍മണ്ണയിലെ സായി സ്‌നേഹതീരം പ്രവര്‍ത്തകര്‍ വിവരം അറിഞ്ഞ ഉടന്‍ മന്ത്രി എ കെ ബാലന്റെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഏറെ മോഹങ്ങും പ്രതീക്ഷകളുമായി ഡല്‍ഹിയിലേക്ക് പോവാനായി വീട്ടില്‍ നിന്നിറങ്ങിയ വിനീത ബുധനാഴ്ച ഉച്ചയ്ക്കു തിരുവനന്തപുരത്ത് നിന്ന് ഷീജയോടൊപ്പം പെരിന്തല്‍മണ്ണയിലേക്ക് മടങ്ങി.

RELATED STORIES

Share it
Top