Sub Lead

ഹിന്ദുത്വ സന്യാസിയുടെ ആത്മഹത്യക്ക് കാരണം പെണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം; ആനന്ദ് ഗിരിയെ കസ്റ്റഡിയിലെടുത്തു

ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദുത്വ സന്യാസിയുടെ ആത്മഹത്യക്ക് കാരണം പെണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം; ആനന്ദ് ഗിരിയെ കസ്റ്റഡിയിലെടുത്തു
X

ലഖ്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് (എബിഎപി) അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യക്ക് കാരണം അദ്ദേഹത്തിന്റെ ശിഷ്യന്‍ ആനന്ദ് ഗിരിയുടെ ഭീഷണിയാണെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയോടൊപ്പമുള്ള മോര്‍ഫ് ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട് ചെയ്തു. 14 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ മോര്‍ഫ് ചെയ്ത ചിത്രത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്.

ഇതിന് പിന്നാലെ ശിഷ്യനും യോഗ ഗുരുവുമായ ആനന്ദ് ഗിരിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. മഹന്ത് നരേന്ദ്ര ഗിരിയെ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള ബഗാംബരി മഠത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. നരേന്ദ്ര ഗിരിയുടെ 14 പേജുള്ള 'ആത്മഹത്യാ കുറിപ്പ്' കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിദ്വാറില്‍ നിന്ന് ശിഷ്യന്‍ ആനന്ദ് ഗിരിയെ തിങ്കളാഴ്ച പോലിസ് കസ്റ്റഡിയില്‍ എടുത്തു.

ഉത്തര്‍പ്രദേശ് പോലിസിന്റെ ഒരു സംഘം ആനന്ദ് ഗിരിയെ ചൊവ്വാഴ്ച പ്രയാഗ്‌രാജിലേക്ക് കൊണ്ടുവന്ന്, അവിടെ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യാ കുറിപ്പില്‍ ശിഷ്യന്മാരായ മറ്റ് രണ്ട് സന്യാസികള്‍ക്കെതിരെയും നരേന്ദ്ര ഗിരി പറയുന്നുണ്ട്. ആരോപണവിധേയരായ മറ്റ് രണ്ട് ശിഷ്യരായ അധ പ്രസാദ് തിവാരിയും മകന്‍ സന്ദീപ് തിവാരിയും പ്രയാഗ്‌രാജില്‍ നിന്നുള്ളവരാണ്. മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് അയക്കും, അതിനുശേഷം സംസ്‌കാരം നടത്തും. ആത്മഹത്യാക്കുറിപ്പും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലിസ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ സന്യാസി സംഘങ്ങളായ എബിഎപിയുടെ തലവന്‍ മഹന്ത് നരേന്ദ്ര ഗിരി, ശിഷ്യന്‍ ആനന്ദ് ഗിരി കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. താന്‍ അസന്തുഷ്ടനാണെന്ന് നരേന്ദ്ര ഗിരി പലതവണ പറഞ്ഞിരുന്നു. ആത്മഹത്യ കുറിപ്പില്‍ പേരുള്ള മറ്റ് വ്യക്തികളുടെ പങ്കും അന്വേഷിച്ചു വരികയാണെന്ന് ലോ ആന്‍ഡ് ഓര്‍ഡര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

നരേന്ദ്ര ഗിരിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. അദ്ദേഹത്തെ സംരക്ഷിക്കാന്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ മറ്റ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, നരേന്ദ്ര ഗിരിയുടെ അനുയായികളില്‍ ചിലരെ ചോദ്യം ചെയ്യുന്നത് തുടരുന്നുണ്ട്. 2019 നവംബറില്‍ പ്രയാഗ്‌രാജില്‍ നരേന്ദ്ര ഗിരിയുടെ മറ്റൊരു ശിഷ്യനായ ആശിഷ് ഗിരിയുടെ മരണവും പോലിസ് അന്വേഷിക്കുന്നുണ്ട്. ആശിഷ് ഗിരി സ്വയം വെടിവെച്ചു മരണമടയുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, നരേന്ദ്ര ഗിരിയും ശിഷ്യന്‍ ആനന്ദ് ഗിരിയും പരസ്യമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇരുവിഭാഗവും സാമ്പത്തികം ദുരുപയോഗം ചെയ്തതായി പരസ്പരം ആരോപിച്ചു. അഖാഡയുടെ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമായി തന്റെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ആനന്ദ് ഗിരിയെ നിരഞ്ജനി അഖാഡയില്‍ നിന്ന് അധ്യക്ഷനായ നരേന്ദ്ര ഗിരി പുറത്താക്കിയതായി പറയപ്പെടുന്നു. തന്റെ ഗുരുവിനെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചതിന് ആനന്ദ് ഗിരി പിന്നീട് മാപ്പ് പറഞ്ഞതായും വിവരങ്ങളുണ്ട്.

ചൊവ്വാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ളവര്‍ നരേന്ദ്ര ഗിരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രയാഗ്‌രാജിലേക്ക് എത്തിയിരുന്നു. ഉന്നത പോലിസ് സംഘം കേസ് അന്വേഷിക്കുകയാണെന്നും മരണത്തിന് ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it