Sub Lead

ദേവനന്ദക്കായി തിരച്ചില്‍ ശക്തമാക്കി; ജില്ലാ, സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന

റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ് സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്.

ദേവനന്ദക്കായി തിരച്ചില്‍ ശക്തമാക്കി; ജില്ലാ, സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന
X

കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറു വയസ്സുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചില്‍ ഊര്‍ജിതം. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംസ്ഥാന അതിര്‍ത്തികളിലും പോലിസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. വാഹന പരിശോധനയും പുരോഗമിക്കുന്നുണ്ട്. അതേസമയം, ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ തിരോധാനത്തില്‍ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ദരും വിരലടയാള വിദഗ്ദരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് കാണാതായ ആറ് വയസ്സുള്ള ദേവനന്ദക്കായി തിരച്ചില്‍ നടത്തുന്നത്. അടുത്ത ബന്ധുക്കള്‍, കുട്ടിയുടെ അമ്മ തുടങ്ങിയവരുടെ മൊഴി പോലിസ് രേഖപ്പെടുത്തി. സമീപപ്രദേശത്തെ ആളൊഴിഞ്ഞ പറമ്പുകളിലും സമീപത്തെ പുഴയിലും തിരച്ചില്‍ തുടരാനാണ് പോലിസ് തീരുമാനം. പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മോബല്‍ ടവ്വറുകള്‍ കേന്ദ്രീകരിച്ചും സൈബര്‍ വിദഗ്ദരുടെ സംഘം അന്വേഷണം തുടരുകയാണ്. സമീപവാസികളായ നാട്ടുകാരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.

റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ് സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്. കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനക്കും പോലിസിന് നിര്‍ദ്ദേശം നല്‍കിയതായി കൊല്ലം സിറ്റിപൊലീസ് കമ്മീഷണര്‍ അറിയിച്ചു. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ ഇന്നലെ രാവിലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ കണ്ണനല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it