Sub Lead

രൂക്ഷമായ ജലക്ഷാമവും ചൂടും: ചെന്നൈ വിടാനൊരുങ്ങി ജനം

രൂക്ഷമായ ജലക്ഷാമവും ചൂടും: ചെന്നൈ വിടാനൊരുങ്ങി ജനം
X

ചെന്നൈ: ചൂടും ജലക്ഷാമവും രൂക്ഷമായതോടെ ചെന്നൈ നഗരത്തില്‍ നിന്നും പലായനത്തിന്റെ വക്കിലാണ് ജനങ്ങള്‍. ചെന്നൈയുടെയും പരിസര ജില്ലകളിലേയും അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ വെള്ളമില്ലാത്തത് കാരണം ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഐടി പാര്‍ക്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ ചിലത് അടച്ചുപൂട്ടികഴിഞ്ഞു. മറ്റുള്ളവയുടെ പ്രവര്‍ത്തനം ഏതുനിമിഷവും നിലയ്ക്കാവുന്ന നിലയിലാണ്.

നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതല്‍. രാവിലെ മുതല്‍ വൈകീട്ടുവരെ കന്നാസുകള്‍, കുടങ്ങള്‍ എന്നിവയുമായി നഗരവാസികള്‍ വെള്ളത്തിനായി ബൈക്കുകളിലും സൈക്കിളുകളിലും ചീറിപ്പായുന്നതാണ് അവസ്ഥ. കുഴല്‍ക്കിണറുകള്‍ക്കുമുന്നില്‍ നീണ്ടനിര. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിയാല്‍ ഉന്തുംതള്ളും. സ്വകാര്യ ടാങ്കര്‍ലോറികളിലെത്തുന്ന വെള്ളത്തിനു ബുക്ക് ചെയ്താല്‍ കിട്ടാന്‍ 16 മുതല്‍ 20വരെ ദിവസം കാത്തിരിക്കണം. മെട്രോ വാട്ടറിന്റെ ടാങ്കര്‍ ലോറികള്‍ വഴി ബുക്ക് ചെയ്താല്‍ 40 ദിവസം കഴിഞ്ഞു തരാമെന്നാണു കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു നീങ്ങിയതുപോലെ ഇപ്പോള്‍ എല്ലാവരും വെള്ളത്തിനായി റോഡുകളിലാണ്. ഒരുകുടം വെള്ളത്തിനായി എത്രദൂരം സഞ്ചരിക്കാനും എല്ലാവരും തയ്യാര്‍.

ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ തടാകങ്ങള്‍ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി. നെമ്മേലി, മിഞ്ചൂര്‍ എന്നിവിടങ്ങളിലെ കടല്‍വെള്ളശുദ്ധീകരണകേന്ദ്രങ്ങളില്‍നിന്നുള്ള 200 ദശലക്ഷം ലിറ്റര്‍ വെള്ളവും കടലൂര്‍ ജില്ലയിലെ വീരാനം തടാകത്തില്‍നിന്നുള്ള 150 ദശലക്ഷം ലിറ്റര്‍ വെള്ളവുമാണു നഗരത്തില്‍ ഒന്നിടവിട്ടദിവസങ്ങളില്‍ വിതരണംചെയ്യുന്നത്. അതേസമയം, കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന വാദം തെറ്റാണെന്നാണ് ജലവിഭവമന്ത്രി എസ്.പി. വേലുമണി പറയുന്നത്. സമീപജില്ലകളില്‍ കാര്‍ഷികാവശ്യത്തിനായി കുഴിച്ച കിണറുകളില്‍നിന്നു വെള്ളം കൊണ്ടുവരുമെന്നാണു സര്‍ക്കാര്‍ വാഗ്ദാനം.

ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ നഗരത്തിലേക്കുള്ള പൈപ്പ് വെള്ള വിതരണം അധികൃതര്‍ 40ശതമാനമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. 800 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് നഗരത്തിന് ഒരു ദിവസം ആവശ്യം. എന്നാല്‍ വാട്ടര്‍ അതോറിറ്റി 525 ദശലക്ഷം ലിറ്റര്‍ മാത്രമാണ് നല്‍കുന്നത്.


Next Story

RELATED STORIES

Share it