Sub Lead

ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത സിഎഎ വിരുദ്ധ സമരക്കാരുടെ റിമാന്റ് നീട്ടി

ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത സിഎഎ വിരുദ്ധ സമരക്കാരുടെ റിമാന്റ് നീട്ടി
X

ന്യൂഡല്‍ഹി: രാജ്യം കൊവിഡ് ഭീതിയില്‍ കഴിയുന്നതിനിടെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത പൗരത്വ നിയമഭേദഗതിക്കെതിരേ സമരം ചെയ്തവരുടെ റിമാന്റ് കാലാവധി കോടതി നീട്ടി. ജാമിഅ ഇസ് ലാമിയ്യ സര്‍വകലാശാല വിദ്യാര്‍ഥികളുടെ കസ്റ്റഡി കാലാവധിയാണ് വീണ്ടും ഡല്‍ഹി കോടതി രണ്ടാഴ്ചത്തേക്കു നീട്ടിയത്. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലിസ് ആരോപിക്കുന്നത്. ആര്‍ജെഡി യൂത്ത് വിങ് ഡല്‍ഹി യൂനിറ്റ് പ്രസിഡന്റും പിഎച്ച്ഡി വിദ്യാര്‍ഥിയുമായ മീരാന്‍ ഹൈദറി(35)ന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധിയും നീട്ടിയതായി അഭിഭാഷകന്‍ അക്രം ഖാന്‍ പറഞ്ഞു. കേസില്‍ ഉന്നതതല ഗൂഢാലോചന നടത്തിയെന്നും അതിനാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനാല്‍ ഒമ്പതുദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.

ഡല്‍ഹിയിലെ കൊറോണ ബാധിതരെ സഹായിക്കുന്നതിനിടെയാണ് മീരാന്‍ ഹൈദറിനെ അന്വേഷണഭാഗമായി മീരാന്‍ ഹൈദറിനെ ഡല്‍ഹി പോലിസ് വിളിപ്പിച്ചതെന്നും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ മനോജ് ഝാ ആരോപിച്ചു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ ജാമിഅ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അപലപിക്കുകയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍, സംസ്ഥാനം അവരുടെ അധികാരം ഉപയോഗിച്ച് വിദ്യാര്‍ഥി ആക്റ്റിവിസ്റ്റുകളെ അധിക്ഷേപിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയുമാണെന്നും അവര്‍ പറഞ്ഞു. മീരാന്‍ ഹൈദര്‍ അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ നല്‍കാന്‍ ഏറെ പ്രയത്‌നിച്ചിരുന്നതായും അവര്‍ പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സിഎഎ അനുകൂലികളായ ഹിന്ദുത്വര്‍ നടത്തിയ കലാപത്തിലും ആക്രമണത്തിലും 53 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it