Sub Lead

ഹിന്ദുത്വരുടെ വെടിയേറ്റ് 14 കാരന്‍ കിടന്നത് ആറ് മണിക്കൂര്‍; ആംബുലന്‍സ് തടഞ്ഞ് പോലിസ്

ഫൈസാനെ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് പോലിസ് തടഞ്ഞ് മടക്കി അയച്ചതായി പ്രദേശവാസികളെ ഉദ്ധരിച്ച് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി പോലിസ് ജോയിന്റ് സി പി അലോക് കുമാറും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ഭാവേഷ് ചൗധരിയും പ്രദേശത്തുണ്ടായിരുന്നു.

ഹിന്ദുത്വരുടെ വെടിയേറ്റ് 14 കാരന്‍ കിടന്നത് ആറ് മണിക്കൂര്‍;  ആംബുലന്‍സ് തടഞ്ഞ് പോലിസ്
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഹിന്ദുത്വരുടെ വെടിയേറ്റ് 14 കാരന്‍ ഫൈസാന്‍ ചികില്‍സ ലഭിക്കാതെ കിടന്നത് ആറ് മണിക്കൂര്‍. ഫൈസാനെ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് അര കിലോമീറ്റര്‍ അകലെ പോലിസും ദ്രുതകര്‍മ സേനയും തടഞ്ഞ് തിരിച്ചുവിടുകയായിരുന്നെന്ന് ഫൈസാന്റെ ബന്ധുക്കള്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹദാരയിലെ കര്‍ദാംപുരിയിലാണ് സംഭവം. ഫെബ്രുവരി 25ന് രാവിലെ 11നാണ് ഫൈസാന് ഹിന്ദുത്വരുടെ വെടിയേറ്റത്. പ്രദേശവാസികള്‍ പ്രാഥമിക ചികില്‍സ നല്‍കി ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിനായി കാത്തിരുന്നു. കലാപം കത്തിപടര്‍ന്നതിനാല്‍ മറ്റുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിരുന്നില്ല. എന്നാല്‍, ഫൈസാനെ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് പോലിസ് തടഞ്ഞ് മടക്കി അയച്ചതായി പ്രദേശവാസികളെ ഉദ്ധരിച്ച് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി പോലിസ് ജോയിന്റ് സി പി അലോക് കുമാറും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ഭാവേഷ് ചൗധരിയും പ്രദേശത്തുണ്ടായിരുന്നു.

മാതാവ് ചെറുപ്പത്തിലെ മരണപ്പെട്ട ഫൈസാന്‍ വല്ല്യുമ്മയുടെ കൂടിയാണ് കഴിയുന്നത്. വര്‍ഗീയ കലാപം ശക്തമായ സാഹചര്യത്തില്‍ പുറത്തേക്ക് ഇറങ്ങരുതെന്ന് വല്ല്യുമ്മ ഫൈസാനോട് പറഞ്ഞിരുന്നു. സംഘടിച്ചെത്തി അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതേയാണ് 14കാരനെതിരേ വെടിയുതിര്‍ത്തത്. നട്ടെല്ലിന് വെടിയേറ്റ് ബോധരഹിതനായി കിടക്കുന്ന ഫൈസാനെ ആശുപത്രിയില്‍ എത്തിക്കാനാവാതെ വല്ല്യുമ്മ കാത്തിരുന്നത് ആറ് മണിക്കൂര്‍ ആണ്. വൈകീട്ട് അഞ്ച് മണിയോടെയാണ് ആംബുലന്‍സ് എത്തി ഫൈസാനെ ജിടിബി ആശുപത്രിയില്‍ എത്തിച്ചത്.

14കാരനായ ഫൈസാന്‍ ഏതെങ്കിലും പ്രക്ഷോഭത്തിലോ പ്രതിഷേധ പരിപാടികളിലോ പങ്കെടുത്തിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. യമുന വിഹാര്‍ പ്രദേശത്ത് നിന്ന് സംഘടിച്ചെത്തിയ സിഎഎ അനുകൂലികളായ സംഘപരിവാര പ്രവര്‍ത്തകരാണ് ഫൈസാന് നേരെ വെടി ഉതിര്‍ത്തതെന്ന് സാക്ഷികള്‍ പറയുന്നു. ജിടിപി ആശുപത്രിയില്‍ കഴിയുന്ന ഫൈസാന്‍ അപകട നില തരണം ചെയ്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച മുതല്‍ നടന്ന വര്‍ഗീയ അക്രമത്തില്‍ 38 പേര്‍ മരിക്കുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it