Sub Lead

എഎപി നേതാവ് താഹിര്‍ ഹുസൈനെതിരായ നീക്കം ആസൂത്രിതം; തെളിവുകള്‍ പുറത്ത്

മാര്‍ച്ച് മൂന്നിന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ താഹിറുമായി ബന്ധപ്പെട്ട പുറത്തുവിട്ട ട്വീറ്റുകള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

എഎപി നേതാവ് താഹിര്‍ ഹുസൈനെതിരായ നീക്കം  ആസൂത്രിതം; തെളിവുകള്‍ പുറത്ത്
X

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ് പരിവാരം അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്കിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എഎപി നേതാവ് താഹിര്‍ ഹുസൈനെതിരായ പോലിസ് നീക്കങ്ങള്‍ ആസൂത്രിതമെന്ന ആരോപണം ശക്തിപ്പെടുന്നു. മാര്‍ച്ച് മൂന്നിന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ താഹിറുമായി ബന്ധപ്പെട്ട പുറത്തുവിട്ട ട്വീറ്റുകള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

പാര്‍ട്ടിയില്‍നിന്നു സസ്‌പെന്റെ ചെയ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ഫെബ്രുവരി 24ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തിയതായി ഡല്‍ഹി പോലിസ് വ്യക്തമാക്കിയിരുന്നു. 'ഫെബ്രുവരി 24ന് രാത്രി 11 മുതല്‍ അര്‍ദ്ധരാത്രി വരെ, ഒരു കൗണ്‍സിലര്‍ സംഘര്‍ഷ സ്ഥലത്ത് കുടുങ്ങിയിരിക്കുകയാണെന്നും അരക്ഷിതാവസ്ഥയിലാണെന്നും ചിലര്‍ തങ്ങളെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിയതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ സിംഗ്ല മാധ്യമങ്ങള്‍ക്കു മുമ്പില്‍ സ്ഥിരീകരിക്കുകയും ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍, സിംഗ്ലയുടെ സ്ഥിരീകരണം വന്ന് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞുകൊണ്ടുള്ള ഡല്‍ഹി പോലിസിന്റെ വാദവും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിരുന്നു.

ഹുസൈനെ 'രക്ഷപ്പെടുത്തേണ്ട ആവശ്യം വന്നില്ലെന്നായിരുന്നു 'ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥരെ' ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തത്. കൗണ്‍സിലര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വാര്‍ത്ത പോലിസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൗണ്‍സിലര്‍ വീട്ടില്‍ സുരക്ഷിതനാണെന്ന് കണ്ടെത്തിയെന്നും അതിനാല്‍ രക്ഷപ്പെടുത്തേണ്ട ആവശ്യം വന്നില്ലെന്നുമായിരുന്നു എഎന്‍ഐ ട്വീറ്റ് ചെയ്തത്.

ഫെബ്രുവരി 26നാണ് ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നെഹ്‌റു വിഹാറില്‍ നിന്നുള്ള കൗണ്‍സിലര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൊലപാതകം, കലാപം, തീവയ്പ് എന്നീ കുറ്റങ്ങളാണ് ഹുസൈനെതിരേ ചുമത്തിയത്. മകന്റെ കൊലപാതകത്തില്‍ ഹുസൈന് പങ്കുണ്ടെന്ന ശര്‍മയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി 26ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഖജുരി ഖാസിലെ ഹുസൈന്റെ വീടിനടുത്തുള്ള അഴുക്കുചാലില്‍ നിന്നാണ് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തെരുവിലെ ആള്‍ക്കൂട്ടത്തിന് നേരെ കല്ലുകളും പെട്രോള്‍ ബോംബുകളും എറിയുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശര്‍മയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള കെട്ടിടം ഹുസൈന്റെ ഓഫിസായി പ്രവര്‍ത്തിക്കുന്നതാണ്.

എന്നാല്‍, താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി ഹുസൈന്‍ രംഗത്തുവന്നിരുന്നു. കുറ്റകൃത്യത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 24ന് തന്റെ ഓഫിസിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറിയ ജനക്കൂട്ടം ആക്രമണങ്ങള്‍ നടത്താന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കയറുകയായിരുന്നുവെന്നും ഫെബ്രുവരി 24ന് കെട്ടിടം വിട്ട താന്‍ പിറ്റേന്ന് രാവിലെ 8.30ഓടെയാണ് മടങ്ങിയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it