Sub Lead

സ്റ്റീല്‍ അതോറിറ്റി ചെയര്‍മാനെ ആക്രമിച്ച കേസില്‍ കരാറുകാരന്‍ അറസ്റ്റില്‍

സ്റ്റീല്‍ അതോറിറ്റി ചെയര്‍മാനെ ആക്രമിച്ച കേസില്‍ കരാറുകാരന്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(സെയില്‍) ചെയര്‍മാനെ ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡല്‍ഹിയിലെ സ്വകാര്യ കരാറുകാരനെ പോലിസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ചിലെ വീട്ടില്‍നിന്നാണ് അശോക് കുമാര്‍ സിങിനെ ഡെപ്യൂട്ടി കമ്മീഷണര്‍ രാംഗോപാല്‍ നായിക് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സെയില്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ ചൗധരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തേ അഞ്ചുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ആഗസ്ത് ഏഴിനാണ് അനില്‍കുമാര്‍ ചൗധരിയെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെ ഉടമസ്ഥതയിലുള്ള യുഎസ് കല്‍ക്കരി വിതരണ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്‍മയില്ലാത്തതാണെന്നു പറഞ്ഞ് നിരസിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണകാരണം. തലയ്ക്കും കഴുത്തിനും പരിക്കേറ്റ സംഭവത്തില്‍ അശോക് കുമാര്‍ സിങിന്റെ കൂട്ടാളികളെയാണ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്. സംഭവം ആസൂത്രിതമാണെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. കവര്‍ച്ചയോ റോഡിലെ തര്‍ക്കമോ അല്ല കാരണമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നുവെന്നും ഇവരുടെ അറസ്റ്റ് വധഗൂഢാലോചനയാണ് തെളിയിക്കുന്നതെന്നും സെയില്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ ചൗധരി പറഞ്ഞു. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് താന്‍ ഓഫിസിലെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അശോക് സിങിന്റെ മകന്റെ ഉടമസ്ഥതയിലുള്ള യുഎസ് ആസ്ഥാനമായുള്ള കമ്പനിയുമായി 2018ല്‍ സെയില്‍ 100 കോടിയുടെ കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, സെയില്‍ രണ്ടുതവണ അദ്ദേഹത്തിന്റെ സാമ്പിളുകള്‍ നിരസിച്ചു. ആദ്യ ഗഡുവായി 30 കോടി രൂപ നല്‍കിയെങ്കിലും കല്‍ക്കരി സാമ്പിളിന്റെ ഗുണനിലവാരം കുറവാണെന്നു പറഞ്ഞ് പൊതുമേഖലാ സ്ഥാപനമായ സെയില്‍ കരാര്‍ റദ്ദാക്കിയെന്നുമാണ് സിങിന്റെ വാദം. ഇക്കാര്യം പോലിസ് പരിശോധിച്ചുവരികയാണ്. യുഎസ് ആസ്ഥാനമായുള്ള കമ്പനി ഇദ്ദേഹത്തിന്റെ മകന്റേതു തന്നെയാണോ എന്നും പരിശോധിക്കുന്നുണ്ട്. ഇതാണ് അശോക് സിങിനെ അനില്‍ചൗധരിയെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. എന്നാല്‍, അനില്‍ ചൗധരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ അശോക് സിങും സഹായിയും രണ്ടുലക്ഷം രൂപ കരാര്‍ നല്‍കിയെന്നാണ് സെയില്‍ അധികൃതരുടെ ആരോപണം.




Next Story

RELATED STORIES

Share it