Big stories

രാജിവയ്ക്കില്ലെന്ന് ഉറച്ച് ഇമ്രാന്‍ ഖാന്‍, പാകിസ്താനില്‍ പ്രതിസന്ധി രൂക്ഷം; അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഞായറാഴ്ച

രാജിവയ്ക്കില്ലെന്ന് ഉറച്ച് ഇമ്രാന്‍ ഖാന്‍, പാകിസ്താനില്‍ പ്രതിസന്ധി രൂക്ഷം; അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഞായറാഴ്ച
X

ഇസ്‌ലാമാബാദ്: രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതോടെ പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു. ഞായറാഴ്ച അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജമാണെന്നും രാജിവയ്ക്കില്ലെന്നുമാണ് ഇമ്രാന്‍ ഖാന്റെ നിലപാട്. രാജ്യത്തെ അഭിസംബോധന ചെയ്യെവയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന നാഷനല്‍ അസംബ്ലി പിരിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

പ്രധാന ഘടകകക്ഷിയും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതിനാല്‍ ഇമ്രാന്റെ ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. 'ചിലയാളുകള്‍ എന്നോടു പറഞ്ഞു, രാജിവയ്ക്കാന്‍. താന്‍ എന്തിന് രാജിവയ്ക്കണം ? 20 വര്‍ഷത്തോളം ക്രിക്കറ്റ് കളിച്ചയാളാണ് ഞാന്‍. അവസാന പന്തുവരെ താന്‍ പോരാടുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തു തന്നെയായാലും അത് നേരിടാന്‍ സജ്ജനാണ്. കൂടുതല്‍ നിശ്ചയദാഢ്യത്തോടെ താന്‍ തിരിച്ചുവരും. പാകിസ്താന്‍ അതിന്റെ ചരിത്രത്തിലെ നിര്‍ണായകഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു'- രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ദേശീയ അസംബ്ലി ഞായറാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെയാണ് വൈകാരിക പ്രതികരണം. അവിശ്വാസ പ്രമേയത്തില്‍ ഇന്നലെ ചര്‍ച്ച ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മിനിറ്റുകള്‍ മാത്രമാണ് സഭാനടപടികള്‍ നീണ്ടത്. പ്രമേയം ചര്‍ച്ചചെയ്ത് വോട്ടിനിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചെങ്കിലും സ്പീക്കര്‍ ഇത് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച വീണ്ടും ദേശീയ അസംബ്ലി ചേരുമെന്ന് സ്പീക്കര്‍ അറിയിച്ചു.

ഇമ്രാന്‍ ഖാനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം പരാജയപ്പെടുത്തണമെങ്കില്‍ 342 അംഗ സഭയില്‍ 172 വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍, 175 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും പ്രധാനമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അമേരിക്കക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയാണ്. പ്രതിപക്ഷത്തിന് അമേരിക്കയെ ഭയമാണ്.

താന്‍ തുടര്‍ന്നാല്‍ പാകിസ്താന് തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി അമേരിക്ക ഭീഷണിപ്പെടുത്തി. പാകിസ്താന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യുഎസ് വിരുദ്ധമോ അല്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും മുഷറഫും ഇന്ത്യയുമായും രഹസ്യചര്‍ച്ചകള്‍ നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു. അതേസമയം, പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it