Sub Lead

ഖത്തറില്‍ മലയാളി ദമ്പതികളുടെ പിഞ്ചുമക്കള്‍ മരിച്ച സംഭവം: കീടനാശിനി ശ്വസിച്ചതു മൂലമെന്ന് സ്ഥിരീകരണം

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മെഡിക്കല്‍ സംഘം നടത്തിയ അന്വേഷണത്തിലാണ് കീടനാശിനിയുടെ സാധ്യത വെളിപ്പെട്ടതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു

ഖത്തറില്‍ മലയാളി ദമ്പതികളുടെ പിഞ്ചുമക്കള്‍ മരിച്ച സംഭവം: കീടനാശിനി ശ്വസിച്ചതു മൂലമെന്ന് സ്ഥിരീകരണം
X

ദോഹ: ഖത്തറില്‍ ജോലിചെയ്യുന്ന മലയാളി ദമ്പതികളുടെ രണ്ടു കുട്ടികള്‍ മരിച്ചത് കീടനാശിനി ശ്വസിച്ചാണെന്ന് സ്ഥിരീകരണം. ദോഹയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസ്-നാദാപുരം കുമ്മങ്കോട് സ്വദേശിനി ഷമീമ ദമ്പതികളുടെ മക്കളായ രിദ ഹാരിസ്(ഏഴുമാസം), റഹാന്‍ ഹാരിസ്(റഹാന്‍ ഹാരിസ്) എന്നിവര്‍ മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മെഡിക്കല്‍ സംഘം നടത്തിയ അന്വേഷണത്തിലാണ് കീടനാശിനിയുടെ സാധ്യത വെളിപ്പെട്ടതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എപ്പിഡെമോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും ഇത്തരം കേസുകളുടെ ചുമതലയുള്ള ഹെല്‍ത്ത് ടോക്‌സിക്കോളജി കമ്മീഷന്‍ അംഗങ്ങളും കുടുംബം താമസിച്ച കെട്ടിടം സന്ദര്‍ശിച്ച് ഭക്ഷണാവശിഷ്ടങ്ങളുടെ സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധനയിലാണ് കുട്ടികള്‍ രാസവസ്തുക്കളോ കീടനാശിനിയോ ശ്വസിച്ചതായി സംശയമുയര്‍ന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അന്വേഷണത്തില്‍ അടുത്ത ഫഌറ്റിലെ വീര്യം കൂടിയ കീടനാശിനിയാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. ഇവര്‍ താമസിച്ച സ്ഥലത്തിനു തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ കീടങ്ങളെ അകറ്റാന്‍ കീടനാശിനി ഉപയോഗിച്ചിരുന്നു. ആ മുറി പൂട്ടിക്കിടക്കുകയാണ്. അവിടെ നിന്ന് എയര്‍ കണ്ടീഷണര്‍ വഴി വിഷവാതകം മുറിയിലെത്തിയതാണ് അപകടകാരണമായത്. അസ്വസ്ഥതുയണ്ടായി കുറഞ്ഞ സമയം കൊണ്ട് തന്നെ കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയാണെങ്കില്‍ ഇത്ര കുറഞ്ഞ സമയം കൊണ്ട് മരണപ്പെടില്ലെന്ന് അന്നുതന്നെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിരുന്നു.

ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണായിരുന്നു ആദ്യം സംശയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാത്രി ഇവര്‍ അവസാനമായി ഭക്ഷണം കഴിച്ച ദോഹയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റസ്‌റ്റോറന്റ് താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്ന ഒന്നും കണ്ടെത്തിയില്ല. തുടരന്വേഷണത്തിലാണ് കീടനാശിനിയാണ് മണരകാരണമെന്ന് സ്ഥിരീകരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന മൂത്ത കുട്ടി രാവിലെ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുകയും പിന്നീട് ഛര്‍ദിച്ചു അവശനിലയിലായെന്നുമാണു വിവരം. ഇതേത്തുടര്‍ന്നാണ് വെള്ളിയാഴ്ച്ച രാവിലെ കുട്ടികളെ ആംബുലന്‍സില്‍ ഹമദ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇളയ കുട്ടി ആംബുലന്‍സില്‍ വച്ച് തന്നെ മരണപ്പെട്ടതായാണ് സൂചന. കുട്ടികളുടെ മാതാപിതാക്കള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മാതാപിതാക്കളായ ഷമീമയെയും ഹാരിസിനെയുംം ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെല്‍ത്ത് സെന്ററിലും മാതാവ് ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലും നഴ്‌സുമാരായി ജോലി ചെയ്യുകയാണ്. വര്‍ഷങ്ങളായി കുടുംബം ദോഹയിലുണ്ട്.



Next Story

RELATED STORIES

Share it