Sub Lead

നിഴല്‍ യുദ്ധങ്ങള്‍ക്കു പിന്നാലെ സൈബര്‍ യുദ്ധവും; പശ്ചിമേഷ്യയില്‍ ഭീതി വിതച്ച് ഇസ്രയേലും ഇറാനും

ഇറാനിലെ പ്രധാന ഇന്ധന വിതരണ ശൃംഖലയിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പൊടുന്നനെ തകരാറിലായത് മൂലം തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനാവാതെ പതിനായിരങ്ങള്‍ പെരുവഴിയിലായതാണ് സൈബര്‍ യുദ്ധത്തിലെ ഒടുവിലത്തെ സംഭവം.

നിഴല്‍ യുദ്ധങ്ങള്‍ക്കു പിന്നാലെ സൈബര്‍ യുദ്ധവും; പശ്ചിമേഷ്യയില്‍ ഭീതി വിതച്ച് ഇസ്രയേലും ഇറാനും
X

തെഹ്‌റാന്‍/ തെല്‍ അവീവ്: നിഴല്‍ യുദ്ധങ്ങള്‍ക്കും വാക് പോരുകള്‍ക്കും പിന്നാലെ പശ്ചിമേഷ്യയെ മുള്‍മുനയില്‍നിര്‍ത്തി ഇസ്രായേല്‍- ഇറാന്‍ സൈബര്‍ യുദ്ധം. സമീപകാലത്ത് ഇരു രാജ്യങ്ങളും പരസ്പരം നടത്തിയ സൈബര്‍ യുദ്ധം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

ഇറാനിലെ പ്രധാന ഇന്ധന വിതരണ ശൃംഖലയിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പൊടുന്നനെ തകരാറിലായത് മൂലം തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനാവാതെ പതിനായിരങ്ങള്‍ പെരുവഴിയിലായതാണ് സൈബര്‍ യുദ്ധത്തിലെ ഒടുവിലത്തെ സംഭവം. ഒരു സൈബര്‍ ആക്രമണത്തിന്റെ പരിണിത ഫലമായിരുന്നു ഈ തകരാറന്ന് പിന്നീടാണ് കണ്ടെത്താനായത്.

അതേസമയം, സൈബര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇരു രാജ്യങ്ങളും ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഒരു പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളിലും ഇത്തരം ആക്രമണം നടക്കുന്നുണ്ടെങ്കിലും അടുത്തിടെ ഇരു രാജ്യങ്ങളിലേയും സാധാരണക്കാരും ഇതിന് ഇരയാകുന്നുണ്ട്. കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ, ഇസ്രായേലിലെ ആറു ജലവിനിയോഗ സംവിധാനങ്ങളില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

തൊട്ടുപിന്നാലെ, ഇറാനിലെ ബന്ദര്‍ അബ്ബാസ് എന്ന ഏറ്റവും വലിയ തുറമുഖത്തിലെ കംപ്യൂട്ടറുകളെ ആക്രമിച്ചാണ് ഇസ്രായേല്‍ പ്രതികരിച്ചത്. മാസങ്ങള്‍ക്കു മുമ്പ് ഇറാനിലെ റെയില്‍വേ ശ്യംഖലയിലെ കംപ്യൂട്ടറുകള്‍ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണം ആയിരക്കണക്കിന് ട്രെയ്‌നുകളുടെ സര്‍വീസ് റദ്ദാക്കുന്നതിലേക്ക് നയിച്ചിരുന്നു.

ഇസ്രായേലിലെ ഹദേരയിലെ പ്രമുഖ ആശുപത്രിയായ ഹില്ലെല്‍ യാഫെയിലെ സംവിധാനങ്ങള്‍ ആക്രമിച്ചായിരുന്നു ഇറാന്റെ തിരിച്ചടി. സാങ്കേതിക സംവിധാനങ്ങള്‍ തകരാറിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. ചികില്‍സയിലുണ്ടായിരുന്ന ജീവന്‍ അപകടത്തിലായേക്കാവുന്ന അവസ്ഥവരെ ഉണ്ടായി.ഏറ്റവും അവസാനമായി അരങ്ങേറിയ പെട്രോള്‍ വിതരണ ശൃംഖലയ്ക്ക് നേരെയുണ്ടായ ആക്രമണം ആശുപത്രി ആക്രമണത്തിനുള്ള മറുപടിയാണെന്ന് കരുതുന്നു.

ഈ ആക്രമണ പ്രത്യാക്രമണങ്ങള്‍ നീണ്ട സംഘട്ടനത്തിന്റെ തുടക്കമാവുമെന്നാണ് പശ്ചിമേഷ്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഭയപ്പെടുന്നത്. സൈബറിടങ്ങളിലെ നിലവിലെ പോരാട്ടം ഒരു സമ്പൂര്‍ണ ഏറ്റുമുട്ടലിലേക്ക് എത്തിക്കുന്നതില്‍ ഇരു വിഭാഗത്തിനും താല്‍പര്യമില്ലെങ്കിലും ഇതു തുടര്‍ന്നാല്‍ ഒരു പക്ഷേ കാര്യങ്ങള്‍ കൈവിട്ട് പോയേക്കാം.

Next Story

RELATED STORIES

Share it