Sub Lead

കുസാറ്റ് ഹോസ്റ്റലിലെ ആക്രമണം; എസ്എഫ്‌ഐ പ്രവര്‍ത്തകനടക്കം നാലുപേര്‍ അറസ്റ്റില്‍

കുസാറ്റ് ഹോസ്റ്റലിലെ ആക്രമണം; എസ്എഫ്‌ഐ പ്രവര്‍ത്തകനടക്കം നാലുപേര്‍ അറസ്റ്റില്‍
X

കൊച്ചി: കുസാറ്റിലെ ഹോസ്റ്റലിലുണ്ടായ ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനടക്കം നാല് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. നിഹാല്‍ മുഹമ്മദ്, നിധിന്‍, സാബിര്‍ എന്നീ ബിടെക്ക് വിദ്യാര്‍ഥികളെയും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെതന്നെ ഇവരെ ചോദ്യംചെയ്യാനെന്ന പേരില്‍ പോലിസ് വിളിച്ചുവരുത്തിയിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരും ഹോസ്റ്റലിലെ 'സ്റ്റുഡന്റ്‌സ് കമ്മ്യൂണിറ്റി' പ്രവര്‍ത്തകരും എറ്റുമുട്ടിയത്. തുടര്‍ന്നാണ് ഹോസ്റ്റല്‍ മുറിക്കു തീയിട്ടത് ഉള്‍പ്പെടെയുള്ള ഗുരുതര സംഭവങ്ങളുണ്ടായത്.

പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘട്ടനത്തിലും ലാത്തിച്ചാര്‍ജിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 15 ബിടെക് വിദ്യാര്‍ഥികള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും ആലുവ ജില്ലാ ആശുപത്രിയിലും ചികില്‍സ തേടി. ആക്രമണത്തില്‍ മെസ് സെക്രട്ടറി ഹാനി അറ്റയ്ക്ക് തലയില്‍ ഗുരുതരമായ മുറിവേറ്റു. രാവിലെ എസ്എഫ്‌ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷമാണു വൈകീട്ട് സംഘട്ടനത്തില്‍ കലാശിച്ചത്. ഇതിന്റെ പേരില്‍ അറസ്റ്റുകളൊന്നും ഇതുവരെയുണ്ടായിരുന്നില്ല. ആക്രമണം നടത്തിയത് എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നത്. പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.

രണ്ടുദിവസം മുമ്പ് ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനെ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചെന്നും ആരോപണമുണ്ട്. ഇക്കാര്യത്തിലും പോലിസ് ഇടപെടലുണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്നലെ 4.30ഓടെയാണ് ആണ്‍കുട്ടികള്‍ താമസിക്കുന്ന സഹാറ ഹോസ്റ്റലില്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുറത്തുനിന്നുള്ള ഒരുസംഘം ആളുകളുമായെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

Next Story

RELATED STORIES

Share it