Sub Lead

തുര്‍ക്കിയിലെ കുപ്രസിദ്ധ മതപ്രബോധകന്‍ അദ്‌നാന്‍ ഒക്തറിനു 1,075 വര്‍ഷം തടവ്

തുര്‍ക്കിയിലെ കുപ്രസിദ്ധ മതപ്രബോധകന്‍ അദ്‌നാന്‍ ഒക്തറിനു 1,075 വര്‍ഷം തടവ്
X

അങ്കാറ: കുപ്രസിദ്ധ ടെലിവിഷന്‍ മതപ്രബോധകനും ഹാറൂണ്‍ യഹ്‌യ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായ അദ്‌നാന്‍ ഒക്തറിനു ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് തുര്‍ക്കി കോടതി 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചു. 10 വ്യത്യസ്ത കേസുകളിലാണ് ഇസ്താംബൂളിലെ കോടതി ഇത്രയും കാലം തടവ് വിധിച്ചത്. 64 കാരനായ ഒക്തറിനെയും ഡസന്‍ കണക്കിന് അനുയായികളെയും 2018 ല്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലിസ് പിടിച്ചെടുത്തിരുന്നതായി തുര്‍ക്കിഷ് ദിനപത്രം ഹുറിയത് റിപോര്‍ട്ട് ചെയ്തിരുന്നു. സ്വന്തം ടെലിവിഷന്‍ ചാനലായ എ9ല്‍ അദ്‌നാന്‍ ഒക്തര്‍ അവതരിപ്പിക്കുന്ന ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം കിറ്റന്‍സ് എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീകളുടെ നൃത്ത പരിപാടികളും ഉള്‍പ്പെടുത്താറുണ്ടായിരുന്നു. തുര്‍ക്കിയിലെ ഇസ്‌ലാമിക പണ്ഡിതര്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. ഒക്തറിന്റെ മാനസിക നില തകരാറിലാണെന്നായിരുന്നു തുര്‍ക്കി ഇസ്‌ലാമിക കാര്യ വിഭാഗം മേധാവി അലി എര്‍ബാസ് അന്ന് വിശേഷിപ്പിച്ചത്. ലൈംഗിക ആരാധനാ രീതി പിന്തുടരുന്ന അനുയായി വൃന്ദത്തെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഹാറൂണ്‍ യഹ് യ എന്നാണ് ആരോപണം.

ലൈംഗികാതിക്രമം, പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, വഞ്ചന, രാഷ്ട്രീയ, സൈനിക ചാരവൃത്തിക്ക് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചതെന്ന് സ്വകാര്യ ടിവി റിപോര്‍ട്ട് ചെയ്തു. കേസുകളില്‍ 236 പേര്‍ക്കെതിരേയാണ് വാറണ്ട് പുറപ്പെടുവിച്ചതെങ്കിലും 78 പേര്‍ അറസ്റ്റിലായതായി അനഡൊളു വാര്‍ത്താ ഏജന്‍സി അറിയിച്ചു.

അസാധാരണ ശക്തിയുള്ള തനിക്ക് ആയിരത്തോളം കാമുകിമാരുണ്ടെന്ന് ഒക്തര്‍ ഡിസംബറില്‍ ജഡ്ജിയോട് പറഞ്ഞിരുന്നു. 1990 കളില്‍ ഒന്നിലേറെ ലൈംഗികാതിക്രണ കേസുകളില്‍ കുടുങ്ങിയ ഒരു വിഭാഗത്തിന്റെ നേതാവായാണ് ഒക്തര്‍ ആദ്യമായി ജനശ്രദ്ധ നേടിയത്. വിചാരണയ്ക്കിടെ ഒരു സ്ത്രീ, ഒക്തര്‍ തന്നെയും മറ്റ് സ്ത്രീകളെയും ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതിയെ അറിയിച്ചിരുന്നു. ഒക്തര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീകളെ ഗര്‍ഭഛിദ്ര ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചതായും വ്യക്തമാക്കിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് 69,000 ഗര്‍ഭനിരോധന ഗുളികകള്‍ പോലിസ് പിടിച്ചെടുത്തെങ്കിലും ചര്‍മ രോഗത്തിനും ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ചികില്‍സിക്കാന്‍ വേണ്ടിയുള്ളവയാണ് ഇവയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 2016ല്‍ അട്ടിമറി ശ്രമത്തിനു പിന്നിലെന്ന് തുര്‍ക്കി ആരോപിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഫത്തഹുല്ല ഗുലന്റെ നേതൃത്വത്തിലുള്ള സംഘമുയി തനിക്കു ബന്ധമുണ്ടെന്ന വാദം ഒക്തര്‍ തള്ളിക്കളഞ്ഞു. ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ നിരാകരിക്കുന്ന അദ്‌നാന്‍ ഒക്തര്‍, ഹാറൂണ്‍ യഹ് യ എന്ന തൂലികാനാമത്തില്‍ 770 പേജുള്ള 'ദി അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍' എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Cult leader Adnan Oktar sentenced to thousands of years in Turkey

Next Story

RELATED STORIES

Share it