Sub Lead

തോക്ക് ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: ന്യായീകരണവുമായി ബിജെപി എംഎല്‍എ

തോക്ക് ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: ന്യായീകരണവുമായി ബിജെപി എംഎല്‍എ
X

മംഗലാപുരം: തോക്കും ത്രിശൂലവും ഉപയോഗിച്ച് നൂറുകണക്കിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ന്യായീകരണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും ചിക്ക്മംഗളൂരു എംഎല്‍എയുമായി സി ടി രവി.

'ആയുധ പരിശീലനത്തില്‍ എന്താണ് തെറ്റ്, പോലിസ് വകുപ്പും ആയുധ പരിശീലനം സംഘടിപ്പിക്കുന്നത് പോലെയാണ് ബജ്‌റംഗ്ദള്‍ വര്‍ഷങ്ങളായി ഇത് ചെയ്യുന്നത്. ഇത് എകെ 47 അല്ല, ബോംബല്ല, ഇത് എയര്‍ ഗണ്‍ മാത്രമാണ്' ബിജെപി നേതാവ് പറഞ്ഞു.

അതേസമയം, ആയുധ പരിശീലനം നടത്തിയ സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കുടക് എസ്പിക്ക് പരാതി നല്‍കി. ആയുധ പരിശീലനത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്നും ആയുധങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്ഡിപിഐ കൊടുക് ജില്ലാ നേതാക്കള്‍ പോലിസില്‍ പരാതി നല്‍കിയത്.


വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങള്‍ ശക്തമാക്കിയതിന് തുടര്‍ച്ചയായാണ് കര്‍ണാടകയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആയുധ പരിശീലനം അരങ്ങേറിയത്. മംഗലാപുരം, കുടക്, ഉഡുപ്പി മേഖലയിലാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ തോക്ക് ഉള്‍പ്പടെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ബജ്‌റംഗ്ദള്‍ പരിശീലനം സംഘടിപ്പിച്ചത്. വിവിധ പ്രദേശങ്ങളില്‍ നടന്ന ആയുധ പരിശീലനത്തില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്തു.

കര്‍ണാടകയിലെ കുടകിലെ പൊന്നമ്പേട്ടില്‍ ഒരു സ്‌കൂളില്‍ ബജ്‌റംഗ്ദള്‍ നടത്തിയ പരിശീലന പരിപാടിക്ക് ശേഷം ത്രിശൂലവും വിതരണം ചെയ്തു. മംഗലാപുരത്തും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശീലം വിതരണം ചെയ്തിരുന്നു.

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഹിന്ദുത്വ സന്യാസി സമ്മേളനങ്ങളില്‍ മുസ് ലിംകളെ വംശഹത്യ നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം നടന്ന രാം നവമി ആഘോഷത്തിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങളും കലാപവും അരങ്ങേറി. മുസ് ലിംകളെ ഉന്മൂലനം ചെയ്യണമെന്ന് ഹിന്ദുത്വ സന്യാസിമാര്‍ പരസ്യമായി പ്രഖ്യാപിക്കുന്നതിനിടേയാണ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ പരസ്യമായി ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്റേയും ത്രിശൂലവുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഹിന്ദുത്വര്‍ പരസ്യമായി മാരകായുധങ്ങള്‍ വിതരണം ചെയ്തിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മംഗലാപുരത്തും ഇത്തരത്തില്‍ പരിപാടി അരങ്ങേറിയിട്ടും കര്‍ണാടക പോലിസ് നടപടിയെടുത്തിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് കുടകിലും ആയുധങ്ങള്‍ വിതരണം ചെയ്തിരിക്കുന്നത്. പോലിസ് സ്വമേധയാ കേസെടുക്കാത്ത സാഹചര്യത്തിലാണ് എസ്ഡിപിഐ കുടക് എസ്പിക്ക് പരാതി നല്‍കിയത്.

ഹലാല്‍, ഹിജാബ്, മുസ് ലിം കച്ചവടക്കാര്‍ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനം തുടങ്ങി വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ശക്തമാക്കിയതിന് തുടര്‍ച്ചയായുള്ള ആയുധ പരിശീലനം കലാപത്തിനും വംശഹത്യക്കുമുള്ള മുന്നൊരുക്കമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പരസ്യമായി ആയുധ പരിശീലനം നടന്നിട്ടും ബിജെപി ഭരണകൂടം നടപടിയെടുക്കാത്തത് ദുരൂഹമാണ്. ബിജെപി ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ നടക്കുന്നത്. ഹിജാബ്, ഹലാല്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഇതിന് തെളിവാണ്. ക്രൈസ്തവ ദേവാലയങ്ങളുടെ സര്‍വേ നടത്തിയും മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ അരങ്ങേറിയതും സമീപകാലത്താണ്. ബിജെപി ഭരണകൂടത്തിന് കീഴില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം അഴിഞ്ഞാടുമ്പോഴും പോലിസ് നോക്കുകുത്തിയാവുന്നതായും ആരോപണം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it