Sub Lead

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം:അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്‌

ഇന്നലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതികളില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം:അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്‌
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാംപസില്‍ നടന്ന ഗുണ്ടാ ആക്രമണങ്ങളിലെ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ഇന്നലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതികളില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

അതേസമയം, ജെഎന്‍യു വിഷയത്തില്‍ ഇന്ന് രണ്ട് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുമായും മന്ത്രാലയം ചര്‍ച്ച നടത്തും. വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഇന്നലെ വിദ്യാര്‍ത്ഥി യൂനിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. പെണ്‍കുട്ടികളെയടക്കം പൊലീസ് മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സമരം ഇന്നും തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍.

രാജീവ് ചൗക്കിലെ പ്രതിഷേധം ഇന്നലെ രാത്രി താല്‍കാലികമായി അവസാനിപ്പിച്ചപ്പോള്‍ സമരം പൂര്‍വ്വാധികം ശക്തിയോടെ നാളെ പുനരാരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി യൂനിയന്‍ അറിയിച്ചിരുന്നു. അതേസമയം, ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരപരമ്പര ഡല്‍ഹി പോലിസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

ഉച്ചയോടെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് നടത്തിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്പതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് പ്രഖ്യാപിച്ചു. ഇത് പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാര്‍ത്ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കോണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. ഇതും പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഇവ!ര്‍ നേരെ രാജീവ് ചൗക്കിലേക്ക് പിന്നീട് സ്വമേധയാ പിന്‍വാങ്ങുകയായിരുന്നു.

ജനുവരി 5 ന് കാംപസില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ ഡല്‍ഹി പോലിസ് ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാംപസില്‍ എത്തിയ മുഖംമൂടി സംഘം തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന വിദ്യാര്‍ത്ഥി യൂനിയന്‍ അധ്യക്ഷ ഐഷി ഘോഷ് പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ പോലിസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതെ സമയം, ആക്രമണവുമായി ബന്ധപ്പെട്ട് 11 പരാതികള്‍ കിട്ടിയെന്നും ഇവ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ഡല്‍ഹി പോലിസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപിക സുചിത്രാ സെന്നും പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും പോലിസ് നടപടി സ്വീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it