Sub Lead

അഗ്‌നിപഥ് ആര്‍എസ്എസുകാരെ അര്‍ദ്ധ സൈനികദളമായി സംഘടിപ്പിക്കാനുള്ള പദ്ധതി: എം എ ബേബി

അഗ്‌നിപഥ് ആര്‍എസ്എസുകാരെ അര്‍ദ്ധ സൈനികദളമായി സംഘടിപ്പിക്കാനുള്ള പദ്ധതി: എം എ ബേബി
X

കോഴിക്കോട്: അഗ്‌നിപഥ് എന്ന പേരില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കരാര്‍ നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം നമ്മുടെ ദേശീയ താല്പര്യങ്ങള്‍ക്ക് തന്നെ എതിരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. യുവ ആര്‍എസ്എസുകാരെ പിന്‍വാതിലിലുടെ ഒരു അര്‍ദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സര്‍ക്കാരിന്റെ ഖജനാവിലുള്ള ജനങ്ങളുടെ പണം കൗശലപൂര്‍വ്വം ഉപയോഗിക്കാനുമുള്ള ഒരു കുറുക്കുവഴിയായി വേണം ഈ പദ്ധതിയെ കാണാനെന്ന് അദ്ദേഹം വിമര്‍ശിച്ചു.

'അടുത്ത ഒന്നരവര്‍ഷം കൊണ്ട് പത്തുലക്ഷം സര്‍ക്കാര്‍ ജോലി എന്നതും ഇതുപോലെ ഒരു തട്ടിപ്പാണ്. അതിലൊന്നാണ് ഈ അഗ്‌നിപഥ് പദ്ധതി. പത്തു ലക്ഷത്തിലേറെ ഒഴിവുകള്‍ ഉള്ളപ്പോള്‍ അവയില്‍ നിയമനം നടത്താതെ കരാര്‍ താല്ക്കാലിക നിയമനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഈ ശ്രമം ഉപേക്ഷിച്ച് ഈ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തി ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണം'. എം എ ബേബി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അഗ്‌നിപഥ് എന്ന പേരില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കരാര്‍ നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം നമ്മുടെ ദേശീയ താല്പര്യങ്ങള്‍ക്ക് തന്നെ എതിരാണ്. പക്ഷേ, സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കള്‍ക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നു എന്ന മട്ടില്‍ ആണ് പ്രധാനമന്ത്രി ഇത് അവതരിപ്പിക്കുന്നത്.

നാല് വര്‍ഷത്തേക്ക് 'കരാര്‍ സൈനികരെ' റിക്രൂട്ട് ചെയ്തുകൊണ്ട് പ്രൊഫഷണല്‍ സായുധ സേനയെ ഉയര്‍ത്താന്‍ കഴിയില്ല. പെന്‍ഷന്‍ പണം ലാഭിക്കുന്നതിനുള്ള ഈ പദ്ധതി, നമ്മുടെ പ്രൊഫഷണല്‍ സായുധ സേനയുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും ഗുരുതരമായ വിട്ടുവീഴ്ച ചെയ്യും.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സൈന്യത്തില്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. സാധാരണ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുപകരം ഈ പദ്ധതി അത്തരം കരാര്‍ സൈനികര്‍ക്ക് അവരുടെ നാല് വര്‍ഷത്തിന് ശേഷം മറ്റ് തൊഴില്‍ സാധ്യതകളൊന്നും നല്‍കില്ല. യുവ ആര്‍ എസ് എസുകാരെ പിന്‍വാതിലിലുടെ ഒരു അര്‍ദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സര്‍ക്കാരിന്റെ ഖജനാവിലുള്ള ജനങ്ങളുടെ പണം കൌശലപൂര്‍വ്വം ഉപയോഗിക്കാനുമുള്ള ഒരു കുറുക്കുവഴിയായി വേണം ഈ പദ്ധതിയെ കാണാന്‍.

യഥാര്‍ത്ഥ ഉദ്ദേശം ഇതായിരിക്കെത്തന്നെ വലിയൊരുനല്ലകാര്യം എന്നമട്ടില്‍ ഇതവതരിപ്പിക്കുന്നവരുടെ അതിബുദ്ധി സമ്മതിക്കണം.

തൊഴില്‍ സുരക്ഷിതത്വം എന്ന പരിരക്ഷ പോലുമില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാന്‍ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണ്.

സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വയമേവെ യുവാക്കളുടെ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്.

ഈ 'അഗ്‌നിപഥ്' പദ്ധതി ഉടന്‍ പിന്‍വലിക്കണം. സായുധ സേനയിലേക്കുള്ള പതിവ് റിക്രൂട്ട്‌മെന്റ് അടിയന്തരമായി നടത്തുകയും വേണം.

എന്തെങ്കിലും അതീവ ജനവിരുദ്ധ പദ്ധതി നടപ്പാക്കുമ്പോഴൊക്കെയും അതിനെ മഹത്തായ എന്തോ ഒന്ന് എന്ന മട്ടില്‍ പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് രീതിയാണ്. പാചകവാതകത്തിനുണ്ടായിരുന്ന സബ്‌സിഡി എടുത്തു കളയാന്‍ വേണ്ടി സബ്‌സിഡി ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും എന്ന പുകമറ ഉണ്ടാക്കിയപോലെ. ഇപ്പോള്‍ സബ്‌സിഡിയും ഇല്ല വില വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു.

അടുത്ത ഒന്നരവര്‍ഷം കൊണ്ട് പത്തുലക്ഷം സര്‍ക്കാര്‍ ജോലി എന്നതും ഇതുപോലെ ഒരു തട്ടിപ്പാണ്. അതിലൊന്നാണ് ഈ അഗ്‌നിപഥ് പദ്ധതി. പത്തു ലക്ഷത്തിലേറെ ഒഴിവുകള്‍ ഉള്ളപ്പോള്‍ അവയില്‍ നിയമനം നടത്താതെ കരാര്‍ താല്ക്കാലിക നിയമനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഈ ശ്രമം ഉപേക്ഷിച്ച് ഈ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തി ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണം. ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും തൊഴില്‍ ആവശ്യമുള്ള പ്രായത്തില്‍ ആണെന്നത് സര്‍ക്കാര്‍ എപ്പോഴും ഓര്‍ക്കണം. അവരെ തൊഴിലില്ലാത്തവരായി അലയാന്‍ വിടുന്നത് സാമൂഹ്യവിരുദ്ധശക്തികള്‍ക്ക് ആള്‍ക്കൂട്ടം നല്കലായിരിക്കും.

Next Story

RELATED STORIES

Share it