Sub Lead

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചവര്‍ക്ക് സ്വീകരണമൊരുക്കി സിപിഎം

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചവര്‍ക്ക് സ്വീകരണമൊരുക്കി സിപിഎം
X

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നവകേരള ബസ്സിനു മുന്നില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്ക് സ്വീകരണമൊരുക്കി സിപിഎം. പഴങ്ങാടി എരിപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രുരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചവര്‍ക്കാണ് സിപിഎം സ്വീകരണം നല്‍കിയത്. ജയില്‍മോചിതരായെത്തിയ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സിപിഎം മാടായി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹാരമണിയിച്ച് സ്വീകരിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ മാടായി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി ജിതിന്‍, ബ്ലോക്ക് കമ്മറ്റി അംഗം വി കെ അനവിന്ദ്, ചെറുതാഴം മേഖലാ പ്രസിഡന്റ് കെ റമീസ്, ചെറുതാഴം സൗത്ത് മേഖലാ പ്രസിഡന്റ് അമല്‍ ബാബു എന്നിവരാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ ഉള്‍പ്പെടെയുള്ളവരാണ് സ്വീകരണത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ മാസം 20നാണ് കല്യാശ്ശേരിയില്‍ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ബസ്സിനു മുന്നില്‍ പ്രതിഷേധിക്കാനെത്തിയവരെ പിന്നാല വോളന്റിയര്‍ വാഹനത്തിലെത്തിയ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ചെടിച്ചട്ടിയും ഹെല്‍മറ്റും മറ്റും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പോലിസ് സാന്നിധ്യത്തിലുണ്ടായ മര്‍ദ്ദനത്തെ, ജീവന്‍ രക്ഷാ പ്രവര്‍ത്തനമെന്ന് വിളിച്ച് മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. സംഭവത്തില്‍ ഏഴു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റിരുന്നത്. കണ്ടാലറിയാവുന്ന 20 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെ ആകെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് സിപിഎം വന്‍ സ്വീകരണമൊരുക്കിയത്.

Next Story

RELATED STORIES

Share it