Sub Lead

രാജ്യത്ത് സ്വകാര്യ മേഖലയിലെ വാക്‌സിൻ മൊത്തമായി വാങ്ങുന്നത് നാല് കോർപറേറ്റ് ആശുപത്രികൾ

സ്വകാര്യമേഖലയിലെ വാക്സിനേഷനിൽ ഭൂരിഭാഗവും അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ എന്നീ നാല് വലിയ കോർപറേറ്റ് ഹോസ്പിറ്റൽ ഗ്രൂപ്പുകളാണ് നിർവഹിക്കുന്നത്.

രാജ്യത്ത് സ്വകാര്യ മേഖലയിലെ വാക്‌സിൻ മൊത്തമായി വാങ്ങുന്നത് നാല് കോർപറേറ്റ് ആശുപത്രികൾ
X

ന്യൂഡൽഹി: കൊവിഡ് വാക്‌സിനായി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്ക്. കൊവിൻ സൈറ്റിൽ ലഭ്യമായ ഡേറ്റകൾ പ്രകാരമാണ് ഇത്. 18നും 44 നും ഇടയിൽ പ്രായമുളളവർക്ക് ഒറ്റഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 700 മുതൽ 1500 രൂപവരെയാണ്. നേരത്തേ 45 വയസിന് മുകളിൽ പ്രായമുളളവരിൽ നിന്ന് ഈടാക്കിയിരുന്ന തുകയുടെ ഇരട്ടിയാണിത്.

ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഉത്പാദകരിൽ നിന്ന് ഒരു ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്രം സംഭരിച്ചത്. ഇത് പിന്നീട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്‌തു. ഒരു ഡോസിന് 100 രൂപ സർവീസ് ചാർജായി ഈടാക്കാൻ സ്വകാര്യമേഖലയെ അനുവദിക്കുകയും ചെയ്‌തിരുന്നു. വാക്‌സിൻ വിതരണത്തിനായി വരുന്ന ചെലവുകൾക്ക് 100 രൂപ മതിയാകുമെന്നായിരുന്നു സ്വകാര്യമേഖല ആദ്യം അറിയിച്ചത്. എന്നാലിപ്പോൾ 250-300 രൂപ വാക്‌സിനേഷൻ ചാർജായി ഈടാക്കുന്നുണ്ട്.

വാക്‌സിൻ കമ്പനികൾ പ്രഖ്യാപിച്ച വിലയ്ക്ക് തന്നെയാണോ സ്വകാര്യ ആശുപത്രികൾ വാക്‌സിൻ ശേഖരണം നടത്തുന്നത് എന്ന കാര്യം വ്യക്തമല്ല. സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1200 രൂപയാണ് ഭാരത് ബയോടെക്ക് പ്രഖ്യാപിച്ചത്. സിറം 600 രൂപയും. ഇത്തരത്തിൽ വലിയ വില വ്യത്യാസം വരുമ്പോൾ വാക്‌സിൻ ശേഖരണം സ്വകാര്യമേഖലക്ക് നൽകുന്നത് വാക്‌സിൻ ഉത്പാദകർ കൊളളലാഭം കൊയ്യുന്നതിലേക്ക് വഴിവയ്‌ക്കുമെന്നാണ് ആക്ഷേപം.

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ ഒരു ഡോസിന് 700-900 രൂപയാണ് ആശുപത്രികൾ ഈടാക്കുന്നത്. അതേസമയം, ഭാരത് ബയോടെക്ക് നിർമ്മിച്ച കൊവിഡ് വാക്സിന് 1250- 1500 രൂപവരെയാണ് നിരക്ക്. സ്വകാര്യമേഖലയിലെ വാക്സിനേഷനിൽ ഭൂരിഭാഗവും അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ എന്നീ നാല് വലിയ കോർപറേറ്റ് ഹോസ്പിറ്റൽ ഗ്രൂപ്പുകളാണ് നിർവഹിക്കുന്നത്.

ജിഎസ്ടി, ഗതാഗതം, സംഭരണം എന്നിവ ഉൾപ്പടെ 660 മുതൽ 670 രൂപവരെ വാക്സിൻ എത്തിക്കുന്നതിനായി ചെലവുവരുന്നുണ്ടെന്നാണ് മാക്‌സ് ഹോസ്പിറ്റൽ ഗ്രൂപ്പ് വക്താവ് പറയുന്നത്. 5-6 ശതമാനത്തോളം വാക്സിൻ പാഴാകുന്നുണ്ട്. അതിനാൽ വാക്‌സിന് 710-715 രൂപ വരെയാകും. ഇതിനുപുറമേ സാനിറ്റൈസർ, ജീവനക്കാർക്കുളള പിപിഇ കിറ്റ്, ബയോമെഡിക്കൽ അവശിഷ്ടങ്ങളുടെ നശീകരണം തുടങ്ങിയവയ്ക്കും ചെലവുകളുണ്ട്. അത് ഏകദേശം 170-180 രൂപയ്ക്കിടയിൽ വരും. അങ്ങനെ വരുമ്പോൾ ഒറ്റഡോസ് വാക്‌സിൻ കുത്തിവയ്‌പ്പിന് ആകെ വരുന്നത് 900 രൂപയാണ്.

Next Story

RELATED STORIES

Share it