Big stories

കൊവിഡ് ഭീതി ഒഴിയാതെ രാജ്യം; മരണം 41 ആയി, രോഗബാധിതരുടെ എണ്ണം 1828 ആയി, ഇന്നലെ രോഗം സ്ഥിരീകരിച്ചത് 437 പേര്‍ക്ക്

വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 41 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 437പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് ഭീതി ഒഴിയാതെ രാജ്യം; മരണം 41 ആയി, രോഗബാധിതരുടെ എണ്ണം 1828 ആയി,   ഇന്നലെ രോഗം സ്ഥിരീകരിച്ചത് 437 പേര്‍ക്ക്
X

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഭീതിപടര്‍ത്തി കൊവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി ഉയര്‍ന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 41 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 437പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.

ഇന്നലെ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ നാലു പേരാണ് മരിച്ചത്.ധാരാവിയിലെ ചേരിയിലും കൊവിഡ് മരണം ഉണ്ടായതിനെതുടര്‍ന്ന് ഇവിടെ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചേരിയില്‍ രോഗം ബാധിച്ച് 56 കാരനാണ് മരിച്ചത്. ഇവിടെ ഒരു കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുംബൈയില്‍ കൊവിഡ് ബാധിച്ച് 51 കാരനും മരിച്ചിരുന്നു. ആകെ 16 പേരാണ് സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ച് മരിച്ചത്. ചേരികളില്‍ രോഗം പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 33 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ആകെ രോഗികളുടെ എണ്ണം ഇതോടെ 335 ആയി. ഗുജറാത്തില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം 87 ആയി. ആന്ധ്രയില്‍ 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 110 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. വിദേശികളും ഇക്കൂട്ടത്തിലുണ്ട്. നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയവരില്‍ മാത്രം 190 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ 200 ലധികം പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 15.4 ടണ്‍ പ്രതിരോധ സാമഗ്രികള്‍ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. റെയില്‍വെ കോച്ചുകളില്‍ 3.2 ലക്ഷം കിടക്കകള്‍ സജ്ജമാക്കി ചികിത്സ സംവിധാനം ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. റെയില്‍വെ നിരീക്ഷണ സംവിധാനം ശക്തമാണെന്നും ലോക്ക് ഡൗണ്‍ ഫലപ്രദമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ എണ്ണായിരത്തിലധികം പേരെ കണ്ടെത്താന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുകയാണ് കേന്ദ്രം. വലിയ വ്യാപനത്തിലേക്ക പോകുന്നതിന് മുമ്പ് പ്രതിവിധി കാണാന്‍ സമ്മേളനത്തിനുണ്ടായിരുന്നവര്‍ യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ സഹയാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

നിസാമുദ്ദിന്‍ സമ്മേളനം കാരണമുളള രോഗവ്യാപനമാണ് കൊവിഡ് കേസുകള്‍ രണ്ട് ദിവസത്തില്‍ കൂടിയതിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ ഭാഷ്യം.

Next Story

RELATED STORIES

Share it