Sub Lead

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഓമശ്ശേരി സ്വദേശി മരിച്ചു, ആകെ മരണം 67 ആയി

ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കെഎംസിടി മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഓമശ്ശേരി സ്വദേശി മരിച്ചു, ആകെ മരണം 67 ആയി
X

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കെഎംസിടി മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്നാണ് ഇയാളെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണിത്. ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്‌കരി (80) ആണ് മരിച്ച മറ്റൊരാള്‍. ഇന്ന് പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ ഇന്ന് സ്ഥിരീകരിച്ച രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്.

ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76) യാണ് കൊവിഡ് ബാധിച്ച് ആലപ്പുഴയില്‍ മരിച്ച മറ്റൊരാള്‍. മരണ ശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മരിച്ച ഇവരുടെ ഫലെ പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശാരദയുടെ മകനും മരുമകളും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലില്‍ യൗസേഫ് ജോര്‍ജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവര്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മരണസംഖ്യ 59 ആണെങ്കിലും ഇന്നത്തെ 8 മരണം കൂടിയായതോടെ 67 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്.

Next Story

RELATED STORIES

Share it