Sub Lead

അമല ആശുപത്രിയില്‍ സമ്പര്‍ക്ക കേസുകള്‍; തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കടുത്ത നിയന്ത്രണം

അമല ആശുപത്രിയില്‍ ജനറല്‍ ഒപി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. ക്യാന്‍സര്‍ വിഭാഗം മാത്രം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാം. ഇവിടെയും വളരെ അത്യാവശ്യമായി വരുന്ന രോഗികള്‍ക്ക് മാത്രമാണ് കണ്‍സള്‍ട്ടേഷന്‍ നല്‍കേണ്ടത്.

അമല ആശുപത്രിയില്‍ സമ്പര്‍ക്ക കേസുകള്‍; തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കടുത്ത നിയന്ത്രണം
X

തൃശൂര്‍: ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.

കൊവിഡുമായോ രോഗലക്ഷണങ്ങളോടെ വരുന്നവര്‍ക്കായി ഒ.പി, ഐപി വിഭാഗങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. കൊവിഡ് വാര്‍ഡുകളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ കൊവിഡ് രോഗികളുടെ അടുത്ത് പോകാവൂ. ഈ പ്രത്യേക സംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല.

ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണം. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും െ്രെഡവര്‍മാരെയും കര്‍ശനമായി പരിശോധിക്കണം. ആശുപത്രികള്‍ക്ക് പുറമെ ആരോഗ്യ മേഖലയിലെ മറ്റ് സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകളുമായി സംസാരിക്കുന്നതിനും ജീവനക്കാരെ ബോധവത്കരിക്കുന്നതിനും ഡിഎംഒയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തും. ആരോഗ്യ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയുമുണ്ടാകും. പിഴവ് കണ്ടെത്തിയാല്‍ തിരുത്തുംവരെ വരെ സ്ഥാപനം അടച്ചിടേണ്ടി വരും.

അമല ആശുപത്രിയില്‍ ജനറല്‍ ഒപി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. ക്യാന്‍സര്‍ വിഭാഗം മാത്രം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാം. ഇവിടെയും വളരെ അത്യാവശ്യമായി വരുന്ന രോഗികള്‍ക്ക് മാത്രമാണ് കണ്‍സള്‍ട്ടേഷന്‍ നല്‍കേണ്ടത്. ഡിഎംഒയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ കണ്ട ചില ന്യൂനതകള്‍ പരിഹരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രിയിലെ ക്ലീനിങ്ങ് ജോലിക്കാരില്‍ നിന്ന് രോഗം പകര്‍ന്നിരിക്കാമെന്നാണ് പ്രാഥമികനിഗമനം. അവരുടെ ക്വാറന്റൈന്‍ സൗകര്യങ്ങളും സംഘം വിലയിരുത്തി. ഈ കാലയളവില്‍ ആശുപത്രിയില്‍ വന്നുപോയവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്. അവരെക്കൂടി ഉള്‍പ്പെടുത്തി ആന്റിജന്‍ ടെസ്റ്റ് നടത്തി രോഗവ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യം തിട്ടപ്പെടുത്തുവാന്‍ ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

യോഗത്തില്‍ ഡി.എം.ഒ (ഹെല്‍ത്ത്) ഡോ. കെ ജെ റീന, ഡോ. സതീഷ് കെ എന്‍, ഡോ. രാജു പി കെ, ഡോ. അനൂപ് ടി കെ, അമല ആശുപത്രി പ്രതിനിധികളായ ഫാദര്‍ ഡെല്‍ജോ, ഫാദര്‍ ജോണ്‍സ് അറയ്ക്കല്‍, ഡോ. രാജേഷ്, അശ്വിനി ആശുപത്രി പ്രതിനിധി ഡോ. ഉദയ്, ജൂബിലി മിഷന്‍ ആശുപത്രി പ്രതിനിധി പ്രവീണ്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it