Sub Lead

കൊവിഡ് പ്രതിരോധം: കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകള്‍ അടച്ചു; നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ചാലിയം അടക്കുമെന്ന് മുന്നറിയിപ്പ്

ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കുന്ന പാസ് /ബാഡ്ജ്/ ഐഡി കാര്‍ഡ് ഉള്ള മത്സ്യത്തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ചെറുകിട വ്യപാരികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

കൊവിഡ് പ്രതിരോധം: കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകള്‍ അടച്ചു; നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ചാലിയം അടക്കുമെന്ന് മുന്നറിയിപ്പ്
X

കോഴിക്കോട്: കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. 1897ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരവും 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 പ്രകാരവും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് സെക്ഷന്‍ 144(1), (2), (3) പ്രകാരവുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫഌറ്റുകള്‍, വിവാഹം, ശവസംസ്‌കാരം തുടങ്ങി ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് ജില്ലയിലെ രോഗം സ്ഥിരീകരിച്ച കേസുകളില്‍നിന്നും ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഉത്തരവ്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരമ്പരാഗത മല്‍സ്യബന്ധനം നടക്കുന്ന ചാലിയം ഹാര്‍ബറിലും നിരീക്ഷണം കര്‍ശനമാക്കി. ആളുകള്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ചാലിയം ഹാര്‍ബര്‍ അടക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

എല്ലാ ഫിഷിംഗ് ഹാര്‍ബറുകളും നിയന്ത്രിതമേഖലകളായി പ്രഖ്യാപിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കുന്ന പാസ് /ബാഡ്ജ്/ ഐഡി കാര്‍ഡ് ഉള്ള മത്സ്യത്തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ചെറുകിട വ്യപാരികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

ഫിഷ് ലാന്റിംഗ് സെന്ററുകളില്‍ പാസ്/ ബാഡ്ജ്/ എന്നിവ ഉറപ്പുവരുത്തേണ്ടത് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസിന്റെ ചുമതലയാണ്. ഹാര്‍ബറിനകത്ത് ഒരു മീറ്റര്‍സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കു. ഈ നിയന്ത്രണങ്ങള്‍ക്ക് പോലിസ് സോണായി തിരിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കണം. ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ കലക്ടറുടെ പ്രതിനിധിയായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ ഏകോപിപ്പിക്കും.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയിരിക്കും. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയൊഴികെയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുത്.

വിവാഹത്തിലും അതിനോടനുബന്ധിച്ച ചടങ്ങുകളിലും ആകെ 50ലധികം ആളുകള്‍ പങ്കെടുക്കരുത്. ഒരേ സമയം 20 പേരിലധികം പേര്‍ ഒത്തുചേരാനും പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20ലധികം പേര്‍ പങ്കെടുക്കരുത്. വിവാഹം , മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരം വാര്‍ഡ് തല ദ്രുതകര്‍മ്മസേനയെ (ആര്‍ആര്‍ടി) അറിയിക്കണം. ആളുകള്‍ നിയന്ത്രിതമായി മാത്രമേ ചടങ്ങില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് ആര്‍ആര്‍ടികള്‍ സാക്ഷ്യപ്പെടുത്തണം.

പോലീസിന്റെ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, ഘോഷയാത്രകള്‍, മറ്റു പ്രക്ഷോഭ പരിപാടികള്‍ എന്നിവ നിരോധിച്ചു. പോലീസിന്റെ അനുമതിയോടെ നടത്തുന്ന ഇത്തരം പരിപാടികളില്‍ 10ലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

ആരാധനാലയങ്ങളില്‍ 65 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയും പ്രായമുള്ളവര്‍ പ്രവേശിക്കരുത്. ഇവിടെയെത്തുന്ന ഭക്തരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. ചുരുങ്ങിയത് ആറടി അകലം പാലിക്കണം. ആരാധനാലയങ്ങളിലെത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. ക്വാറന്റൈനിലുള്ളവരോ അവരോടൊപ്പം താമസിക്കുന്നവരോ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആരാധനാലയ മേധാവിയുടെ ചുമതലയാണ്. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ പായകളും ടവ്വലുകളും പൊതുവായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണം.

അന്തര്‍ജില്ലാ യാത്രകള്‍ നടത്തുന്നവര്‍ വാര്‍ഡ് ആര്‍ആര്‍ടിയെ അറിയിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള കീം പരീക്ഷാ സെന്ററുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനുമതി ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ മതി.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും ഷോപ്പിങ് സെന്ററുകളിലും മാളുകളിലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും പോലിസ് സ്‌ക്വാഡുകള്‍ ഉറപ്പാക്കണം. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ പോലിസ് ആ വിവരം തഹസില്‍ദാര്‍ക്ക് കൈമാറേണ്ടതും തഹസില്‍ദാരുടെ നിര്‍ദ്ദേശമനുസരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. രാത്രി 10 മുതല്‍ രാവിലെ അഞ്ചു മണിവരെ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണം.

'ബ്രേക് ദ ചെയ്ന്‍' ഉറപ്പുവരുത്താന്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും വെള്ളവും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കണം.

പൊതുജനാരോഗ്യവും ദുരന്തനിവാരണവും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല. ഇതിനു പുറമേ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കണം.

സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കണ്ടയ്‌മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

വടകര മുനിസിപ്പാലിറ്റി (മുഴുവന്‍ വാര്‍ഡുകളും), നാദാപുരം പഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും), തൂണേരി പഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും) പേരാമ്പ്ര പഞ്ചായത്തില്‍ വാര്‍ഡ് 17(ആക്കുപ്പറമ്പ്), 18(എരവട്ടൂര്‍), 19(ഏ രത്തുമുക്ക്), കോഴിക്കോട് കോര്‍പ്പറേഷനില്‍ വാര്‍ഡ് 44(കുണ്ടായിത്തോട്), 62 (മൂന്നാലിങ്കല്‍),56 (ചക്കുംക്കടവ്), 37 (പന്നിയങ്കര), 59 (ചാലപ്പുറം),38(മീഞ്ചന്ത), 41 (അരീക്കാട്), 57 (മുഖദാര്‍), തലക്കുളത്തൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 16 ചിറവക്കില്‍, വില്യാപ്പള്ളി പഞ്ചായത്തില്‍ വാര്‍ഡ് 13 (കുട്ടോത്ത് സൗത്ത്),14 (കുട്ടോത്ത്), ചങ്ങരോത്ത് പഞ്ചായത്തില്‍ വാര്‍ഡ് 14 (പുറവൂര്‍), 15 (മുതുവണ്ണാച്ച), 19 (കുനിയോട്).

Next Story

RELATED STORIES

Share it