Sub Lead

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ആവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ആവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി
X

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാവുകയും ഒമിക്രോണ്‍ ആശങ്ക പരത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ സംസ്ഥാനം മുഴുവന്‍ രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്നതിനിടെയാണ് ഞായറാഴ്ചത്തെ ലോക്ക് ഡൗണ്‍. നേരത്തെ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടിയിരുന്നു. ആവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നാണ് പോലിസിന്റെ മുന്നറിയിപ്പ്.

മൂന്നാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന് തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച മുതല്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പാല്‍, എടിഎം കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ആശുപത്രി സംബന്ധമായ ജോലികള്‍, ചരക്ക് ഗതാഗതം, പെട്രോള്‍ ബങ്കുകള്‍ തുടങ്ങിയ അവശ്യസേവനങ്ങള്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ കാലത്ത് പ്രവര്‍ത്തിക്കും. മെട്രോ, പൊതുഗതാഗത സേവനങ്ങള്‍ അടയ്ക്കും. റെസ്‌റ്റോറന്റുകളും ഹോട്ടലുകളും ഉപഭോക്താക്കള്‍ക്ക് ഭക്ഷണവിതരണത്തിന് ഹോം ഡെലിവറിയും രാവിലെ 7 മുതല്‍ രാത്രി 10 വരെ പാഴ്‌സല്‍ സേവനങ്ങളും തിരഞ്ഞെടുക്കണം. ഫ്‌ളൈറ്റിലൂടെയും ട്രെയിനിലൂടെയും യാത്രചെയ്യുന്നവര്‍ക്ക് അവരുടെ യാത്രാ ടിക്കറ്റുമായി വിമാനത്താവളത്തിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും പോവാം.

കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് അന്തര്‍, സ്വകാര്യ, പൊതുഗതാഗതം അനുവദിക്കും. സംസ്ഥാനത്തുടനീളം പാല്‍ വിതരണം, പത്രവിതരണം എന്നിവയ്‌ക്കൊപ്പം ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആംബുലന്‍സുകള്‍, ശ്രവണ വാഹന സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ അനുവദനീയമാണ്. പെട്രോള്‍, ഡീസല്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കും. ഓഫിസ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ കമ്പനി ഐഡികള്‍ കൈവശം വയ്ക്കണം.

നിര്‍മാണമേഖലകള്‍ക്കും ഐടി മേഖലകള്‍ക്കും മാത്രമേ ജോലിചെയ്യാന്‍ അനുമതിയുള്ളൂ. വര്‍ക്ക് അറ്റ് ഹോം സാധ്യമാണോയെന്ന് അവരോട് ചോദിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,989 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ പ്രതിദിന രോഗികളില്‍ കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 മരണങ്ങളും ഒരുദിവസം റിപോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 29,15,948 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 36,967 ആണ്. വെള്ളിയാഴ്ച 23,459 കേസുകളും 26 മരണങ്ങളുമുണ്ടായി. ചെന്നൈയില്‍ മാത്രം 8,963 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 15.3 ശതമാനമാണ് ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെന്നൈയില്‍ 28.6 ശതമാനമാണ് ടിപിആര്‍. ചികില്‍സയില്‍ കഴിയുന്ന 1,31,007 രോഗികളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

Next Story

RELATED STORIES

Share it