Sub Lead

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നടപ്പാതയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

റോഡരികില്‍ തള്ളാനായിരുന്നെങ്കില്‍ ആംബുലന്‍സ് അയക്കണമായിരുന്നോ. രണ്ടു ആശുപത്രികളും ചെയ്തത് തെറ്റായ കാര്യമാണ്' മകന്‍ പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നടപ്പാതയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
X

ഭോപാല്‍: മധ്യപ്രദേശില്‍ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നടപ്പാതയില്‍ ഉപേക്ഷിച്ച നിലയില്‍. ആംബുലന്‍സില്‍നിന്ന് പിപിഇ കിറ്റ് ധരിച്ച രണ്ട് പേര്‍ സ്‌ട്രെച്ചറില്‍ മൃതദേഹം പുറത്തെടുക്കുകയും ആശുപത്രിയിലെ നടപ്പാതയ്ക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മൃതദേഹം നടപ്പാതയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം സ്‌ട്രെച്ചറുമായി ഇവര്‍ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

രണ്ടാഴ്ച മുമ്പാണ് രോഗിയെ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭോപ്പാലിലെ പീപ്പിള്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുദിവസം മുമ്പ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ന്യൂമോണിയ സ്ഥിരീകരിക്കുകയും പിന്നീട് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെ ചികില്‍സയിലിരുന്ന പീപ്പിള്‍സ് ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രോഗിയുമായി ചിരായൂ ആസുപത്രിയിലേക്ക് പോയ ആംബുലന്‍സ് അല്‍പ്പ സമയത്തിനുശേഷം മടങ്ങിയെത്തി. ഇതിനകം മരിച്ച രോഗിയുടെ മൃതദേഹം ആശുപത്രിയ്ക്ക് സമീപം ഉപേക്ഷിച്ചു മടങ്ങിപ്പോകുകയായിരുന്നു.

'ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ പിതാവ് മരിച്ചിട്ടില്ലായിരുന്നു. ആംബുലന്‍സില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, എന്തുകൊണ്ടാണ് പിതാവിനെ ചിരായു ആശുപത്രിയിലേക്ക് മാറ്റിയത്. റോഡരികില്‍ തള്ളാനായിരുന്നെങ്കില്‍ ആംബുലന്‍സ് അയക്കണമായിരുന്നോ. രണ്ടു ആശുപത്രികളും ചെയ്തത് തെറ്റായ കാര്യമാണ്' മകന്‍ പറഞ്ഞു. സംഭവത്തില്‍ ജില്ല കലക്ടര്‍ പീപ്പിള്‍സ് ആശുപത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രോട്ടോക്കോള്‍ പ്രകാരം ആണ് ചിരായൂ അശുപത്രിയില്‍ നിന്ന് രോഗിയെ കൊണ്ടുപോകാനായി ആംബുലന്‍സ് എത്തിയതെന്നും എന്നാല്‍ 40 മിനിട്ടിന് ശേഷം ആംബുലന്‍സ് മടങ്ങിയെത്തുകയാണെന്ന് തങ്ങളെ അറിയിച്ചുവെന്നും പീപ്പിള്‍സ് ആശുപത്രി മാനേജര്‍ ഉദയ് ശങ്കര്‍ ദീക്ഷിത് വ്യക്തമാക്കി. ആശുപത്രിയിലെത്തി മൃതദേഹവുമായി കാത്തുനില്‍ക്കുന്നതിനിടെ ആംബുലന്‍സ് അധികൃതര്‍ മറ്റൊരു സ്ട്രച്ചര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നല്‍കാന്‍ കഴിഞ്ഞില്ല. സ്ട്രച്ചര്‍ നല്‍കാന്‍ മടിച്ചതോടെ ആംബുലന്‍സ് ജീവനക്കാര്‍ മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ചിരായൂ ആശുപത്രി ഡയറക്ടര്‍ അജയ് ഗോയങ്ക പറയുന്നത് മറ്റൊരു വാദമാണ്. വൃക്ക തകരാറിലായ ഒരു രോഗിയുണ്ടെന്നും അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും ആംബുലന്‍സ് വേണമെന്നും ആവശ്യപ്പെട്ടാണ് പീപ്പിള്‍സ് ആശുപത്രിയില്‍ നിന്ന് തങ്ങളെ വിളിക്കുന്നത്. ഇത് അനുസരിച്ച് ഓക്‌സിജന്‍ നല്‍കാനുള്ള സൗകര്യമുള്ള ആംബുലന്‍സ് അയച്ചു. ഡ്രൈവര്‍ രോഗിയുമായി ചിരായൂ ആശുപത്രിയിലേക്ക് തിരിച്ചു. വി.ഐ.പി. റോഡിലെത്തിയപ്പോള്‍ രോഗിയുടെ നില വഷളായി. തുടര്‍ന്ന് ചിരായു ആശുപത്രിയിലേ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം പീപ്പിള്‍ ആശുപത്രിയിലേക്ക് തിരികെ പോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ തീരുമാനിച്ചു. 20-25 മിനിട്ടിനുള്ളില്‍ ആംബുലന്‍സ് തിരികെ പീപ്പിള്‍സ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അപ്പോഴേക്കും രോഗിമരിച്ചിരുന്നു. ഇതാണ് ചിരായു ആശുപത്രി നല്‍കുന്ന വിശദീകരണം.




Next Story

RELATED STORIES

Share it