Sub Lead

ഹിജാബ്: കോടതി വിധി മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ പീഡനവും വിവേചനവും നിയമവിധേയമാക്കി; ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം വനിതാ കൂട്ടായ്മ

ഹിജാബ്: കോടതി വിധി മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ പീഡനവും വിവേചനവും നിയമവിധേയമാക്കി; ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം വനിതാ കൂട്ടായ്മ
X

ന്യൂഡല്‍ഹി: സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഒരുകൂട്ടം മുസ്‌ലിം വനിതാ പ്രവര്‍ത്തകര്‍. മതസ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ മൗലികാവകാശത്തെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ട സമുദായത്തിന്‍മേല്‍ വിവാദപരമായ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് മുതല്‍ കര്‍ണാടക കോളജ് ഭരണസമിതിയിലെ തീവ്ര ഹിന്ദുത്വ വിജിലന്റ് ഗ്രൂപ്പുകളും അംഗങ്ങളും മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ നടത്തുന്ന വേട്ടയാടല്‍, ഉപദ്രവം, ആക്രമണം എന്നിവയെക്കുറിച്ച് വിധിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

മുസ്‌ലിം സ്ത്രീകളെ ശല്യപ്പെടുത്താന്‍ ജനക്കൂട്ടത്തിന് കൂടുതല്‍ ശക്തി നല്‍കിക്കൊണ്ട് കാവി ഷാളും ഹിജാബ് ധരിക്കുന്നതും തമ്മില്‍ തെറ്റായ തരത്തിലുള്ള തുല്യതയാണ് വിധി സൃഷ്ടിക്കുന്നതെന്ന് വനിതാ പ്രവര്‍ത്തകര്‍ അടിവരയിടുന്നു. ഹിജാബ് നിരോധനം സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് മുസ്‌ലിം വനിതാ കൂട്ടായ്മ ആശങ്കകള്‍ പങ്കുവച്ചത്. ഈ വിധിയില്‍ ഞങ്ങള്‍ അഗാധമായി വിഷമിക്കുന്നു. ഭരണഘടനാ നിയമത്തില്‍ ഇത് ഒരു മോശം മാതൃക സൃഷ്ടിക്കുക മാത്രമല്ല, കര്‍ണാടകയിലെ പൊതുസ്ഥാപനങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിവേചനത്തിന് കാരണമാവും.

ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് മൊത്തത്തില്‍ സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാനും സാധ്യതയുണ്ട്. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കാലത്ത് അവരെ ദുര്‍ബലരാക്കുന്നതാണ് കോടതി വിധി. വിദ്യാഭ്യാസത്തിലും ജോലിയിലും പ്രവേശനം നേടാനുള്ള മുസ്‌ലിം സ്ത്രീകളുടെ ശ്രമങ്ങളെ ഹിജാബ് നിരോധനം അപകടത്തിലാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

മുസ്‌ലിം സ്ത്രീകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കാനിടയാക്കുന്നതാണ് വിധിയെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥിയായ ഹിബ പ്രതികരിച്ചു. കോടതി വിധിയില്‍ മുസ്‌ലിം സ്ത്രീകള്‍ നിരാശരും രോഷാകുലരുമാണെങ്കിലും അവര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഹൈദരാബാദില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തക ഖാലിദാ പര്‍വീണ്‍ പറഞ്ഞു. ഞങ്ങള്‍ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുത്വ സ്വാധീനത്താല്‍ ശിരോവസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീകളെ പൈശാചികവല്‍ക്കരിക്കുന്നതിന് മുഖ്യധാരാ മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയയെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളോടുള്ള വിവേചനം പുതുമയുള്ള കാര്യമല്ലെന്നും എന്നാല്‍ കോടതിയുടെ തീരുമാനം അവരുടെ പീഡനത്തിന് നിയമസാധുത നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹി ആസ്ഥാനമായുള്ള ആക്ടിവിസ്റ്റും കവിയുമായ നബിയാ ഖാന്‍ പറഞ്ഞു. ഭാവിയില്‍ മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷമായ മതസാംസ്‌കാരികവംശീയ വിഭാഗങ്ങളും വിധിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഹുമ മസിഹ് പറയുന്നു.

Next Story

RELATED STORIES

Share it