യൂനിവേഴ്‌സിറ്റി കോളജിലെ കൊലശ്രമം: കിടത്തിച്ചികിത്സ വേണമെന്ന് പ്രതി; വേണ്ടെന്ന് കോടതി

അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അഖിലിനെ ആക്രമിക്കുന്നതിനിടെയാണ് ശിവരഞ്ജിത്തിന് പരിക്കേറ്റത്.

യൂനിവേഴ്‌സിറ്റി കോളജിലെ കൊലശ്രമം:  കിടത്തിച്ചികിത്സ വേണമെന്ന് പ്രതി; വേണ്ടെന്ന് കോടതി

തിരുവനന്തപുരം: കിടത്തി ചികില്‍സ വേണമെന്ന യൂനിവേഴ്‌സിറ്റി കോളജിലെ കുത്ത് കേസ് പ്രതിയുടെ ആവശ്യം കോടതി തള്ളി. ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്താണ് കയ്യിലെ പരിക്കിന് കിടത്തി ചികില്‍സ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അഖിലിനെ ആക്രമിക്കുന്നതിനിടെയാണ് ശിവരഞ്ജിത്തിന് പരിക്കേറ്റത്.

കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദൈ്വത് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയാല്‍ നഗരമധ്യത്തിലെ കലാലയത്തില്‍ വീണ്ടും കലാപമുണ്ടാകുമെന്ന് കോടതിയില്‍ പോലിസ് വാദിച്ചു.

ഇന്ന് പുലര്‍ച്ചെ പിടിയിലായ മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പോലിസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചതായി പോലിസ് പറഞ്ഞിരുന്നു. എന്നാല്‍ സംഘര്‍ഷം ഉണ്ടായെങ്കിലും കുത്തിയതാരെന്ന് അറിയില്ലെന്ന് പിന്നീട് പറഞ്ഞു.

ഒന്നു മുതല്‍ അഞ്ചുവരയെുള്ള പ്രതികള്‍ ശരത്തിനെ തടഞ്ഞു നിര്‍ത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയും ചെയ്തുവെന്നാണ് പോലിസ് പറയുന്നത്. ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്.


RELATED STORIES

Share it
Top