Top

കൊറോണ: കല്‍ബുര്‍ഗിയില്‍ നിന്നെത്തുന്നവര്‍ ആരോഗ്യകേന്ദ്രത്തില്‍ നേരിട്ടു പോവരുത്

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മതസംഘടനാ നേതാക്കളുടെ യോഗം മാര്‍ച്ച് 15 ഞായറാഴ്ച രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.

കൊറോണ: കല്‍ബുര്‍ഗിയില്‍ നിന്നെത്തുന്നവര്‍ ആരോഗ്യകേന്ദ്രത്തില്‍ നേരിട്ടു പോവരുത്

കണ്ണൂര്‍: രാജ്യത്തെ ആദ്യ കൊവിഡ്-19 മരണം റിപോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്ന് ജില്ലയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോള്‍ സെല്ലിലോ (0497 2713437, 2700194) ദിശ ഹെല്‍പ് ലൈനിലോ (1056 അല്ലെങ്കില്‍ 0471 2552056) ഫോണ്‍ മുഖേന ബന്ധപ്പെടേണ്ടതാണ്. ഒരു കാരണവശാലും ആരോഗ്യകേന്ദ്രങ്ങളിലേക്ക് നേരിട്ട് പോവരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

രോഗബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍, രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എന്നിവര്‍ 28 ദിവസം വീടുകളില്‍ കഴിയണം. വായുസഞ്ചാരമുള്ള, ബാത്ത്‌റൂം സൗകര്യമുളള ഒരു മുറിയാണ് നല്ലത്. ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലുള്ള അംഗങ്ങളുമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കുക. വീട്ടിലുള്ള ഒരംഗത്തെ മാത്രം ഇദ്ദേഹത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തണം. ഇവരല്ലാതെ വേറെയാരും തന്നെ ഇദ്ദേഹവുമായി ഇടപഴ കരുത്. ഇടപഴകുമ്പോള്‍ രണ്ടുപേരും മാസ്‌ക് ധരിക്കേണ്ടതാണ്. ഉടന്‍തന്നെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതുമാണ്. നിയന്ത്രണത്തിലുള്ള വ്യക്തി പ്രത്യേകം പാത്രം, വസ്ത്രം, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ സ്വയം വൃത്തിയാക്കേണ്ടതും സൂക്ഷിക്കേണ്ടതുമാണ്.

സംസാരിക്കുന്ന ആളുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. ഉപയോഗിച്ച സാധനങ്ങള്‍ മറ്റുള്ള വരുമായി പങ്കുവക്കരുത്. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തൂവാല കൊണ്ട് മൂക്കും വായയും മൂടുകയും ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. വസ്ത്രങ്ങള്‍ ബ്ലീച്ചിങ് ലായനിയില്‍(ഒരു ലിറ്റര്‍ വെള്ളത്തില്‍ 33 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ലയിപ്പിച്ചുണ്ടാക്കുന്ന ലായനി) കുറഞ്ഞത് 20 മിനുട്ടെങ്കിലും മുക്കിവച്ച ശേഷമേ കഴുകാവൂ. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോള്‍ സെല്ലിലോ വിളിച്ചറിയിച്ചശേഷം അവരുടെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കുക. ഒരു കാരണവശാലും നേരിട്ട് ആശുപത്രിയിലേക്ക് പോവരുതെന്നും നിര്‍ദേശമുണ്ട്.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മതസംഘടനാ നേതാക്കളുടെ യോഗം മാര്‍ച്ച് 15 ഞായറാഴ്ച രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. അതിനിടെ, ജില്ലയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി. പ രിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്-23, കണ്ണൂര്‍ ജില്ലാ ആശുപത്രി-20 പേരും വീടുകളില്‍ 260 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചയാളുമായി ദുബയില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടുപേര്‍ ശനിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരെ നേരിട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 20 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലുമാണുള്ളത്. 260 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 76 സാംപിളുകളില്‍ ഒരെണ്ണം പോസിറ്റീവും 44 എണ്ണം നെഗറ്റീവുമാണ്. 31 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അതേസമയം, കൊവിഡ് 19ഉമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ സെല്ലിനും ഡിഎംഒയ്ക്കും ആശുപത്രി അധികൃതര്‍ പരാതി നല്‍കി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയെയും ഡോക്ടറെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it