Latest News

മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം ഒരുക്കണം: ബാലാവകാശ കമ്മീഷന്‍

മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം ഒരുക്കണം: ബാലാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കുട്ടികളുടെ മനശാസ്ത്രത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കി ബോധവത്കരിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍, അംഗങ്ങളായ പി ഷാജേഷ് ഭാസ്‌കര്‍, മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് താമരശ്ശേരി എംജെഎച്ച്എസ്എസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാര്‍ച്ചില്‍ മരണപ്പെട്ടത് സംബന്ധിച്ച വാര്‍ത്തയെതുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ കൗമാരക്കാരുടെ സംഘര്‍ഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

സ്‌കൂളുകളില്‍ അധ്യാപകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം. രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ, കായിക, സാഹിത്യ, സംഗീത, നാടക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ക്ലബ്ബുകളും പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ജുവനൈല്‍ പോലിസ് യൂണിറ്റ്, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉറപ്പാക്കണം. നിയമബോധം, ലിംഗ സെന്‍സിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങള്‍, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ വിദ്യാര്‍ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമായി ചേര്‍ന്ന് ആവിഷ്‌കരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ 2026-27 അധ്യയനവര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it