Big stories

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ഇന്ന്; കേരളം കടുത്ത നിയന്ത്രണത്തിലേക്ക്

രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ഇന്ന്; കേരളം കടുത്ത നിയന്ത്രണത്തിലേക്ക്
X

തിരുവനന്തപുരം: പതിനൊന്ന് ജില്ലകളില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ നടപ്പാക്കി. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലിസിനു നിര്‍ദേശം നല്‍കി. എല്ലാ പൊതു-സ്വകാര്യ പരിപാടികള്‍ക്കും നിരോധനമുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം.

144 പ്രയോഗിക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി

രോഗവ്യാപനം തടയാന്‍ 1897-ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മതപരവും സാംസ്‌കാരികവുമായ ഉല്‍സവങ്ങള്‍, ടൂര്‍ണമെന്റുകള്‍, ഗ്രൂപ്പ് മത്സരങ്ങള്‍ എന്നിവയും പാര്‍ക്ക്, ബീച്ചുകള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അവശ്യഘട്ടങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷന്‍ 144 പ്രയോഗിക്കാം.

സംസ്ഥാനത്ത് 15 പേര്‍ക്കുകൂടി പുതുതായി കൊറോണബാധ സ്ഥിരീകരിച്ചു. കാസര്‍കോട്ട് അഞ്ചുപേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നാലുപേര്‍ക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ആദ്യമായാണ്. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 67 ആയി. കോഴിക്കോട്ടും ആദ്യമായാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയ മൂന്നുപേരൊഴികെ 64 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

* 59,295 പേര്‍ നിരീക്ഷണത്തില്‍

* 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും

* 122 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

* 9776 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി

* 4035 പേരുടെ സാംപിള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 2744 സാംപിളുകളുടെ ഫലം നെഗറ്റീവ്

* ഞായറാഴ്ചമാത്രം സംസ്ഥാനത്ത് 6282 പേരെ നിരീക്ഷണത്തിലാക്കി

Next Story

RELATED STORIES

Share it