Sub Lead

കൊറോണ: സംസ്ഥാനത്ത് സംപൂര്‍ണ ലോക്ഡൗണ്‍; പൊതുഗതാഗതം നിര്‍ത്തും; അവശ്യവസ്തുക്കള്‍ ലഭ്യമാക്കും

ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധ വസ്തുക്കളുടെ വില്‍പന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ നടപടികള്‍ സ്വീകരിക്കും.

കൊറോണ: സംസ്ഥാനത്ത് സംപൂര്‍ണ ലോക്ഡൗണ്‍;  പൊതുഗതാഗതം നിര്‍ത്തും; അവശ്യവസ്തുക്കള്‍ ലഭ്യമാക്കും
X

തിരുവനന്തപുരം: കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കും. ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധ വസ്തുക്കളുടെ വില്‍പന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ നടപടികള്‍ സ്വീകരിക്കും.

പെട്രോള്‍ പമ്പുകള്‍ തുറന്ന്പ്രവര്‍ത്തിക്കും. എല്‍പിജിയ്ക്കും മുടക്കമുണ്ടാകില്ല. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ നിര്‍ത്തിവെക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യവാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോംഡെലിവറി അനുവദിക്കും. മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

1.ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധ വസ്തുക്കളുടെ വില്‍പന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ നടപടികള്‍ സ്വീകരിക്കും.

2.അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കും. അവര്‍ക്ക് വൈദ്യപരിശോധനയും മറ്റു സഹായങ്ങളും ലഭ്യമാക്കണം. അവരെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും തൊഴില്‍ ഉടമകളും ഭക്ഷണം ഉറപ്പാക്കണം.

3.കൊറോണ നിരീക്ഷണത്തിലുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്യുന്നത് കര്‍ക്കശമായി തടയും. നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ടെലികോം സേവനദാതാക്കളില്‍നിന്ന് ശേഖരിക്കും. ഇതിന് ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കി.

4.കൊറോണ രോഗികളെ ചികിത്സിക്കാന്‍ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികള്‍ സജ്ജമാക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ഭരണസംവിധാനവും സംയുക്തമായി ഇത് നടപ്പാക്കും.

5.ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്ക് അടുത്തുതന്നെ അവര്‍ക്ക് ആവശ്യമെങ്കില്‍ താമസ, ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തും.

6.കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കി ജനങ്ങള്‍ക്ക് നല്‍കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചു.

7.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നു മുമ്പുതന്നെ യോഗം ചേര്‍ന്ന് ബജറ്റ് പാസാക്കും.

8.എല്ലാ വിമാന യാത്രക്കാരെയും വിമാനത്താവളത്തിനടുത്ത് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കും. ഇതിനുള്ള നടപടികള്‍ കലക്ടര്‍മാരും ആരോഗ്യവകുപ്പും സംയുക്തമായി സ്വീകരിക്കും.

9.നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യത്തിന് വീടുകളില്‍ ഭക്ഷണം / ഭക്ഷണസാധനങ്ങള്‍ എത്തിക്കും

10.മൈക്രോ ഫിനാന്‍സ്, െ്രെപവറ്റ് കമ്പനികള്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കണം.

11.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ (മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ) രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കാസര്‍കോട് ഇത് 11 മുതല്‍ അഞ്ചു മണിവരെയാണ്.

മാധ്യമങ്ങള്‍

ഈ പ്രത്യേക കാലത്ത് മാധ്യമപ്രവര്‍ത്തനവും ദുഷ്‌കരമാവുകയാണ്. പാല്‍, പത്ര വിതരണം അവശ്യ സേവനങ്ങളുടെ വിഭാഗത്തിലാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കും. രോഗബാധ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നിങ്ങളില്‍നിന്ന് ഉണ്ടാകണം. മാധ്യമ മേധാവികളുമായി ഒരു വീഡിയോ കോണ്‍ഫറന്‍സ് നാളെ നടത്തുന്നുണ്ട്. ആ രംഗത്ത് ആവശ്യമായ കാര്യങ്ങള്‍ അതില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

Next Story

RELATED STORIES

Share it