Sub Lead

കക്കൂസിന് മുന്നില്‍ പോലും പോലിസുകാര്‍; കുടുംബം ബന്ധനത്തില്‍, ഹാഥ്‌റസ് ഇപ്പോഴും പോലിസ് വലയത്തില്‍

മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ പോലിസ് അക്ഷരാര്‍ഥത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും കടുത്ത നിരീക്ഷണത്തിലാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കക്കൂസിന് മുന്നില്‍ പോലും പോലിസുകാര്‍; കുടുംബം ബന്ധനത്തില്‍, ഹാഥ്‌റസ് ഇപ്പോഴും പോലിസ് വലയത്തില്‍
X

ലക്‌നൗ: രണ്ടാഴ്ച മുമ്പ് 19 കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഹാഥ്‌റസ് ജില്ലയിലെ ഗ്രാമം ഇപ്പോഴും കനത്ത പോലിസ് വലയത്തില്‍.മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ പോലിസ് അക്ഷരാര്‍ഥത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും കടുത്ത നിരീക്ഷണത്തിലാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുറത്തുനിന്നുള്ളവര്‍ ഗ്രാമത്തിലേക്ക് കടക്കുന്നത് തടയാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍, ഗ്രാമത്തിലേക്കുള്ള പ്രധാന റോഡില്‍ പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മുഴുവന്‍ പ്രവേശന പാതകളും അടയ്ക്കുകയും ചെയ്തു. കൂടാതെ ഊടുവഴികളും ചെമ്മണ്‍പാതകളും വയലുകളിലും പോലിസുകാരെ വിന്യസിക്കുകയും ചെയ്തു.

ഇരയുടെ വീട് പോലിസ് പൂര്‍ണമായും കൈയടക്കിയിരിക്കുകയാണെന്നും ബന്ധുക്കളെയും ഗ്രാമീണരെയും ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പോലിസ് ഇരയുടെ വീട് കൈയടക്കിയതായും വീടിനകത്തും ടെറസിലുമെല്ലാം നിറയെ പോലിസാണെന്നും പെണ്‍കുട്ടിയുടെ പിതൃസഹോദര പുത്രന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെയും അടുത്ത ബന്ധുക്കളെയും മൊബൈല്‍ ഫോണ്‍ പോലിസ് പിടിച്ചുവാങ്ങിയിരിക്കുകയാണെന്നും പിതാവിനെ പോലിസ് മര്‍ദിച്ചതായും യുവാവ് പറഞ്ഞു.പെണ്‍കുട്ടിയുടെ പിതാവിന് മാധ്യമങ്ങളെ കാണണമെന്നുണ്ട്. എന്നാല്‍ പുറത്തേക്ക് ഇറങ്ങാന്‍ ഒരു വഴിയുമില്ല. വയലിലൂടെയുള്ള വഴിയിലൂടെ പോവാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ അവിടെയും പോലിസ് ആണ്. ഗ്രാമത്തിലെ ഊടുവഴികള്‍ പോലും അവര്‍ തടഞ്ഞിരിക്കുകയാണന്നെും യുവാവ് പറഞ്ഞു. കുടുംബത്തിന് പുറം ലോകവുമായുള്ള ബന്ധം പോലിസ് വിച്ഛേദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

'അവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു, മാധ്യമങ്ങളെ കാണാന്‍ തങ്ങളെ അനുവദിക്കില്ല. തങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക മാത്രമാണ് തങ്ങള്‍ക്കു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബുധനാഴ്ച ഇരയുടെ പിതാവിനെ നെഞ്ചില്‍ പ്രഹരിക്കുകയും തുടര്‍ന്ന് അദ്ദേഹം ബോധം രഹിതനായി വീഴുകയും ചെയ്തതായി യുവാവ് പറഞ്ഞു.

തെരുവുകള്‍ക്ക് പുറമെ, ഇരയുടെ വീടിന്റെ കക്കൂസിന് പുറത്തും പോലിസും തമ്പടിച്ചതായി ഒരു ഗ്രാമീണന്‍ പറഞ്ഞു. പോലിസുകാര്‍ പുറത്തുനില്‍ക്കുന്നതിനാല്‍ വീട്ടിലെ സ്ത്രീകള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കുകയാണ്.- ഡോക്ടറെ കാണാനെന്ന വ്യാജേന ഗ്രാമത്തില്‍ നിന്ന് പുറത്തുകടന്ന വ്യക്തി പറഞ്ഞു.

എന്റെ സഹോദരി ബലാത്സംഗത്തിന് ഇരയായില്ലെന്നും കോവിഡ് ബാധിച്ച് മരിച്ചതാണെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുകയും ആശയവിനിമയത്തിനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തു. വീടിനു പുറത്തിറങ്ങാനോ അഭിഭാഷകരെ കാണാനോ ഞങ്ങള്‍ക്ക് അനുവാദമില്ലന്നും യുവാവ് പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കുമെതിരെ പോരാടും. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് മൃതദേഹം സംസ്‌കരിച്ചത്. ബലാല്‍സംഗം നടന്നതായി പെണ്‍കുട്ടിതന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച പോലിസ് നാലോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് തടയുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 144 ഈ പ്രദേശത്ത് ഏര്‍പ്പെടുത്തിയതായി അറിയിച്ചു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്‌ഐടി) അന്വേഷണം തുടരുന്നതുമൂലമാണ് നിയന്ത്രണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് അംഗ എസ്‌ഐടി ഗ്രാമത്തില്‍ അന്വേഷണം നടത്തിവരികയാണ്. അതുവരെ, മാധ്യമങ്ങള്‍ക്കുമേലുള്ള നിയന്ത്രണം തുടരും. ക്രമസമാധാന പാലനത്തിന്റെ ചുമതല കൂടിയുള്ളതിനാല്‍ രാഷ്ട്രീയ പ്രതിനിധികളെയും വ്യക്തികളെയും ഗ്രാമത്തിനുള്ളില്‍ അനുവദിക്കില്ലെന്നും എഎസ്പി പ്രകാശ് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it