Sub Lead

ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കും: ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി

. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക ജനത നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്. സാമ്പത്തിക ഉണര്‍വ്വിനൊപ്പം തൊഴില്‍ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കും: ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി
X

റിയാദ്: ലോക രാഷട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദില്‍ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക ജനത നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്. സാമ്പത്തിക ഉണര്‍വ്വിനൊപ്പം തൊഴില്‍ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വീണ്ടെടുക്കല്‍ സാമ്പത്തികം, ജോലി, വ്യാപാരം എന്നിവയില്‍ മാത്രം ഒതുങ്ങരുതെന്നും സര്‍വ്വമേഖലയിലും ജി 20 നിര്‍ണായക നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെല്ലുവിളികളെ നേരിടാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനായി ഭരണ സംവിധാനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും മോദി ആവശ്യപ്പെട്ടു. പരിസ്ഥിതിയെ 'ഉടമകളേക്കാള്‍ ട്രസ്റ്റികള്‍' എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നത് സമഗ്രവും ആരോഗ്യകരവുമായ ഒരു ജീവിതശൈലിയിലേക്ക് നയിക്കുമെന്ന് മോദി പറഞ്ഞു. കൊറോണ വൈറസിന് ശേഷമുള്ള ലോകത്തിനായി നാല് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ആഗോള സൂചികയും അദ്ദേഹം മുന്നോട്ട് വെച്ചു. വിശാലമായ ടാലന്റ് പൂള്‍ സൃഷ്ടിക്കുക, സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുക, ഭരണസംവിധാനങ്ങളിലെ സുതാര്യത, ഭൂമിയെ ട്രസ്റ്റിഷിപ്പ് മനോഭാവത്തോടെ കൈകാര്യം ചെയ്യുക തുടങ്ങിയ ആശയങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചത്.

സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ദ്വിദിന വെര്‍ച്വല്‍ ഉച്ചകോടിയില്‍ 19 അംഗ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ മേധാവികളും യൂറോപ്യന്‍ യൂനിയന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികള്‍ക്കൊപ്പമാണ് മോദിയും പങ്കെടുത്തത്. മോദിക്ക് പുറമെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ജി പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തുടങ്ങിയ ലോക നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it