Latest News

എഐ ഓഫീസ് സേവനങ്ങള്‍ക്ക് 'ഇ7' പ്ലാന്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എഐ ഓഫീസ് സേവനങ്ങള്‍ക്ക് ഇ7 പ്ലാന്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
X

റെഡ്മണ്ട്: നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സോഫ്റ്റ്‌വെയര്‍ പ്ലാന്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. 'ഇ7' എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാനിലൂടെ കമ്പനിയുടെ എഐ ടൂളുകള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഓഫീസ് ജോലികള്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ഒരൊറ്റ പ്ലാനില്‍ ഉള്‍പ്പെടുത്തിയതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന വേര്‍ഡ്, എക്‌സല്‍ തുടങ്ങിയ ടൂളുകള്‍ക്കൊപ്പം കമ്പനിയുടെ എഐ സഹായി കോ-പൈലറ്റ് സേവനവും ഈ പ്ലാനില്‍ ലഭ്യമാകും. കൂടാതെ ഒരു സ്ഥാപനത്തിനുള്ളില്‍ ജീവനക്കാര്‍ എഐ ടൂളുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു ഉപഭോക്താവിന് പ്രതിമാസം 99 ഡോളര്‍ (ഏകദേശം 9,137 രൂപ)യാണ് ഈ സേവനത്തിനായി ചെലവാക്കേണ്ടത്. മൈക്രോസോഫ്റ്റിന്റെ മുന്‍ ഫ്‌ലാഗ്ഷിപ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏകദേശം 65 ശതമാനം കൂടുതല്‍ വിലയുള്ളതാണ്. എങ്കിലും എഐയുടെ സഹായത്തോടെ ഓഫീസ് ജോലികള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയിലും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതിനാല്‍ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഈ പ്ലാനിലേക്ക് മാറുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ടെക് ലോകത്ത് എഐ അധിഷ്ഠിത സേവനങ്ങള്‍ വേഗത്തില്‍ വളരുന്ന സാഹചര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം എതിരാളികളായ ഗൂഗിള്‍ അടക്കമുള്ള മറ്റ് എഐ കമ്പനികള്‍ക്ക് കടുത്ത മല്‍സരമാവുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Next Story

RELATED STORIES

Share it